ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം ജയം നേടി ഇന്ത്യ

June 10, 2019

2019 ലെ അരങ്ങേറ്റമത്സരം തന്നെ ഗംഭീരമാക്കിയ ടീം ഇന്ത്യയ്ക്ക് രണ്ടാം തവണയും മിന്നും ജയം. അവസാനവരെ വീറും വാശിയുമേറിയ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ 36 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 352 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 316 റണ്‍സെടുത്ത് കളം വിട്ടു.

ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടീമിന് മികവ് പുലര്‍ത്താനായതാണ് ടീമിന്റെ വിജയത്തിന് കരുത്തായത്. ടോസ് നേടിയ ഇന്ത്യ ഉറച്ച ആത്മവിശ്വാസത്തോടെ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ തീരുമാനം ഫലം കണ്ടു. ബാറ്റിങ്ങില്‍ കൂറ്റന്‍ റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

മെല്ലെ തുടങ്ങി കത്തിക്കയറുകയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ്മ സഖ്യം ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. അര്‍ഝ സെഞ്ചുറി എടുത്ത് രോഹിത് ശര്‍മ്മ മടങ്ങി. എങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ധവാന്‍ കളത്തില്‍ മിന്നിത്തിളങ്ങി. 57 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് രോഹിത് കളം വിട്ടത്. ധവാന്റെ സെഞ്ചുറിമികവും ഇന്ത്യയ്ക്ക് കരുത്തേകി. 117 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ് ധവാന്‍ കളം വിട്ടത്.

Read more:സ്റ്റൈലിഷ് ലുക്കില്‍ വിജയരാഘവന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

നാലാം നമ്പറില്‍ കളത്തിലിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയ്ക്ക് മികച്ച പിന്തുണ നല്‍കി. 48 റണ്‍സ്് നേടി പാണ്ഡ്യ. കോഹ്ലിയും അര്‍ധ സെഞ്ചുറി തികച്ചതോടെ ഓസ്‌ട്രേലിയ ഭയന്നു. അഞ്ചാമതായി കളത്തിലിറങ്ങിയ ധോണിയും കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ന്നു. 14 പന്തില്‍ നിന്നുമായി 27 റണ്‍സെടുത്ത ശേഷമാണ് ധോണി മടങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ മെല്ലെ കത്തിക്കയറാനായിരുന്നു ശ്രമിച്ചത്. എങ്കിലും ഓസ്‌ട്രേലിയയുടെ ശ്രമം വിഫലമായി. സ്‌കോര്‍ബോര്‍ഡില്‍ 300 തികച്ചപ്പോഴേക്കും എട്ട് പേരെ നഷ്ടമായി ഓസ്‌ട്രേലിയക്ക്. എന്തായാലും റരണ്ടാം തവണയും വിജയം സ്വന്തമാക്കിയതോടെ ലോകപ്പ് ഇന്ത്യ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.