‘പതിനെട്ടാം പടി’ ജൂലൈയില്‍ തീയറ്ററുകളിലേക്ക്

June 17, 2019

പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ജൂലൈ അഞ്ചിന് തീയറ്ററുകളിലെത്തും. ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ഒരു അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുക.

ഉറുമി എന്ന സിനിമയ്ക്ക ശേഷം ആഗസ്റ്റ് സിനിമാസിനു വേണ്ടി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുക. പതിനെട്ടാം പടി എന്ന ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

Read more:മലയാളത്തിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കി വിജയ് സേതുപതി; ‘മാര്‍ക്കോണി മത്തായി’ ടീസര്‍ ശ്രദ്ധേയമാകുന്നു

എബ്രഹാം പാലയ്ക്കല്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് ചിത്രം. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ഈ ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.