ലിജോയുടെ മാജിക്കും മാഡ്‌നെസ്സും; ‘ജല്ലിക്കെട്ട്’

June 19, 2019

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജല്ലിക്കെട്ട്. വിനായകനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതനായ ആന്റണി വര്‍ഗ്ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അങ്കമാലി ഡയറീസ്, ഈമായൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരലപ്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. അതുകൊണ്ടുതന്നെ ജല്ലിക്കെട്ട് എന്ന ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം സാമൂഹ്യമാധ്യമങ്ങലില്‍ ശ്രദ്ധ നേടുകയാണ് നടി ഗീതു മോഹന്‍ദാസ് ജെല്ലിക്കെട്ടിന് നല്‍കിയ വിശേഷണം. ‘ലിജോ തിരിച്ചെത്തിയിരിക്കുന്നു; തന്റെ മാജിക്കും മാഡ്‌നെസുമായി: ജല്ലിക്കെ’ എന്നാണ് ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അടുത്തിടെ മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്തും ജല്ലിക്കെട്ട് എന്ന സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ പ്രമേയം എന്തെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സംരംഭം എന്ന നിലയില്‍ മലയാള സിനിമാലോകത്ത് ഒരു ദൃസ്യവിരുന്നായിരിക്കും ഈ ചിത്രം എന്ന് പ്രതീക്ഷിക്കാം.

Read more:‘ഇട്ടിമാണി’ മാസ്സാണ്, മനസ്സുമാണ്; ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍

ഏറെ സാഹസികത നിറഞ്ഞ രംഗങ്ങളാണ് സിനിമയില്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കെട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ തീയറ്ററുകളെത്തുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അതേസമയം ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന സിനിമയ്ക്ക് ശേഷം വിനായകനും ആന്റണി വര്‍ഗീസും ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ജല്ലിക്കെട്ടിനുണ്ട്.