കേരളത്തില്‍ പ്രതിവര്‍ഷം വില്‍ക്കുന്നത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍

June 4, 2019

സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. പുത്തന്‍ ഉടുപ്പും, പുത്തന്‍ ബാഗും, പുത്തന്‍ കുടയും പുതിയ ക്ലാസ് റൂമും ഒക്കെയായ് ആകെ ത്രില്ലിലാണ് വിദ്യാര്‍ത്ഥികള്‍. ഒപ്പം വേനലവധി തീരുന്നതിന്റെ ചെറിയ സങ്കടവും. സ്‌കൂള്‍ ഉല്‍പന്നങ്ങളുടെ വിപണികളും സജീവമാണ്. പല നിറത്തില്‍ പല തരത്തിലുള്ള ബാഗുകള്‍ തന്നെയാണ് വിപണികളിലെ മുഖ്യ ആകര്‍ഷണം. കുട്ടികളുടെ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളും രൂപങ്ങളുമൊക്കെയായി സംസ്ഥാനത്ത് ബാഗ് വില്പന പൊടിപൊടിക്കുകയാണ്.

അതേസമയം തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കൂട്ടായ്മയായ ബാഗിദാരി സ്‌കൂള്‍ ബാഗുകളെ കുറിച്ച് ഒരു പഠനം നടത്തി. സംസ്ഥാനത്ത് ഒരു വര്‍ഷം 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം ഇത്രയധികം തന്നെ ബാഗുകള്‍ ഉപേക്ഷിക്കപ്പെടുന്നുമുണ്ട്. ഉപേക്ഷിക്കപ്പെടുന്ന ഇത്തരം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകള്‍ പരിസ്ഥിതിക്ക് വലിയ രീതിയില്‍ തന്നെ ദോഷകരമാകുന്നു.

Read more:‘അവസാനം അനക്കും പെണ്ണുകിട്ടി അല്ലേ’; ചിരി പടര്‍ത്തി ‘പെണ്ണന്വേഷണം’ പ്രൊമോ സോങ്

തുണികള്‍ക്കൊണ്ടുള്ള ബാഗുകള്‍ ഉണ്ടെങ്കിലും പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. തുണികൊണ്ട് സ്‌കൂള്‍ബാഗുകള്‍ നിര്‍മ്മിക്കുന്ന വനിതാ കൂട്ടായ്മയാണ് ബാഗിദാരി. എന്നാല്‍ ഈ വര്‍ഷം ഇവര്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിച്ച ബാഗുകളില്‍ 500 എണ്ണം മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. 500 മുതല്‍ 700 രൂപാ വരെയാണ് തുണികള്‍ക്കൊണ്ടുള്ള ഇത്തരം സ്‌കൂള്‍ ബാഗുകളുടെ വില. കാഴ്ചയ്ക്കും ഭംഗിയുള്ള ഇത്തരം ബാഗുകള്‍ സുരക്ഷ മനസിലാക്കാത്തതുകൊണ്ട് പലരും ഇവയെ തഴയുന്നതെന്നാണ് ബാഗിദാരിയുടെ വിലയിരുത്തല്‍. എന്നാല്‍ പ്ലാസ്റ്റിക് ബാഗുകള്‍ വലിയ തോതില്‍ പ്രകൃതിക്ക് ഹാനികരമാകുന്നുവെന്നും ഇവരുടെ പഠനം വ്യക്തമാക്കുന്നു.