‘പേടിയോടെ ഞാന്‍ ചോദിച്ചു, വിജയ് സാര്‍ അല്ലേ’; മനോഹരമായൊരു ഓര്‍മ്മക്കുറിപ്പ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിജയ് യെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച ഒരു അനുഭവക്കുറിപ്പ്. വിജയ് യുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഉണ്ണി മുകുന്ദന്‍ ഓര്‍മ്മക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബില്‍ നടന്നിരുന്നു.അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോള്‍ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലില്‍ ചാരി നില്‍ക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടത്.ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാന്‍ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി. ഒടുവില്‍ സംശയം തോന്നി അടുത്തേക്ക് ചെന്ന് അല്പം പേടിയോടെ തന്നെ ഞാന്‍ ചോദിച്ചു ‘വിജയ്’ സാര്‍ അല്ലേ. ചിരിച്ചുകൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാന്‍ അങ്ങ് ഞെട്ടിത്തരിച്ചുപോയി. ഞാന്‍ അദേഹത്തിന്റെ എത്രത്തോളം വലിയ ഫാന്‍ ആണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാന്‍ ഉള്ള തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു??.അന്ന് ഒരു ഫോണ്‍ പോലും എന്റെ കൈയില്‍ ഇല്ലാതിരുന്നത് കൊണ്ട് ഒരു ഫോട്ടോ പോലും എടുക്കാന്‍ സാധിച്ചില്ല.താന്‍ ദിലീപേട്ടന്റെ ബോഡിഗാര്‍ഡ് എന്ന സിനിമയുടെ പ്രിവ്യൂ കാണാന്‍ വന്നതാണെന്നും അത് റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. പരസ്പരം ആശംസകള്‍ നേര്‍ന്നു ഞങ്ങള്‍ ഇരുവരും പിരിഞ്ഞു.വിജയ് സാര്‍ പിന്നീട് കാവലന്‍ എന്ന പേരില്‍ ബോഡിഗാര്‍ഡ് ചെയ്ത സൂപ്പര്‍ ഹിറ്റ് ആക്കി എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി. ജീവിതത്തില്‍ ഒരു സൂപ്പര്‍താരത്തിനെയും ഞാന്‍ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല.അത്രയ്ക്കും ഒരു പച്ച മനുഷ്യന്‍ ആയാണ് അദ്ദേഹം അവിടെ നിന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്‌നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു. വിജയ് എന്ന സൂപ്പര്‍ താരത്തെ ആരാധിച്ചിരുന്ന ഞാന്‍ അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാന്‍ തുടങ്ങി.ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ അണ്ണാ.

അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നതും.

മലയാളത്തിനു പറമെ തമിഴിലുംഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.