‘കഭീ കഭീ മേരെ ദില്‍ മേ….’ സംഗീത സംവിധായകന്‍ ഖയാം ഇനി ഓര്‍മ്മ

August 20, 2019

ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ആസ്വാദകര്‍ ഏറ്റെടുത്ത ഈണങ്ങളാണ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹുര്‍ ഖയാമിന്‍റേത്. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഈണങ്ങളുടെ അനശ്വര കലാകാരന്‍ ഇനി ഓര്‍മ്മ. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഖയാം മരണപ്പെട്ടത്. 92 വയസ്സാണ് പ്രായം. മുബൈയിലെ ജുഹുവിലെ സുജോയ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

കഭീ കഭീ മേരെ ദില്‍ മേ.. എന്ന ഒരു ഗാനം മതി മുഹമ്മദ് സുഹുര്‍ ഖയാം എന്ന സംഗീത സംവിധായകനെ ഓര്‍മ്മിക്കുവാന്‍. പാട്ടിന്റെ ലോകത്ത് കാലാന്തരങ്ങള്‍ക്കും അപ്പുറം ജീവിക്കുന്ന ഒരുപിടി ഈണങ്ങളാണ് ഖയാം സമ്മാനിച്ചത്. ‘ദിഖായി ദിയേ…’, ആജാ രേ ഓ മേരെ ദില്‍ബര്‍…’, ‘ഇന്‍ ആഖോം കീ…’ തുടങ്ങി ആസ്വാകഹൃദയങ്ങള്‍ ഏറ്റുപാടിയ നിരവധി ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട് മുഹമ്മദ് സുഹുര്‍ ഖയാം.

Read more:ഇതാ; ‘ഇഷ്‌കി’ലെ കത്രിക വയ്ക്കാത്ത സംവിധായകന്‍റെ വേര്‍ഷന്‍: വീഡിയോ

1927-ഫെബ്രുവരി 18 ന് അവിഭക്ത പഞ്ചാബ് ജില്ലയിലെ ജലന്ധര്‍ ജില്ലയിലായിരുന്നു ഖയാമിന്റെ ജനനം. മുഹമ്മദ് സുഹുര്‍ ഖയാം ഹഷ്മി എന്നാണ് പേരെങ്കിലും ‘ഖയാം’ എന്ന പേരിലാണ് സംഗീത ലോകത്ത് പ്രശസ്തനായത്. 1961 ല്‍ ഷോലാ ഔര്‍ ഖബ്‌നം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെയാണ് ഖയാം ശ്രദ്ധേയനായത്. പിന്നീട് ഉമ്രാവോ ജാന്‍, കഭീ കഭീ തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. 2007-ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം നേടി. 2011- ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.