സർഫിങിനിടെ തൊട്ടരികിൽ കൂറ്റൻ സ്രാവ്; രക്ഷപെട്ടത് അത്ഭുതകരമായി, വൈറലായി ചിത്രങ്ങൾ

September 26, 2019

കടലിലെ അഭ്യാസ പ്രകടനത്തിനിടയിൽ കൂറ്റൻ സ്രാവിന്റെ മുന്നിൽപെട്ട് അത്ഭുതകരമായി രക്ഷപെട്ട ഒരു യുവാവിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കടലിൽ തിരമാലകള്‍ക്ക് മുകളിലൂടെ സർഫിങ്ങിനിറങ്ങിയ യുവാവിന്റെ വളരെ അടുത്തെത്തിയ കൂറ്റൻ സ്രാവിനെയാണ്‌ ചിത്രങ്ങളിൽ  കാണുന്നത്. സ്രാവും യുവാവും തമ്മിൽ മീറ്ററുകള്‍ മാത്രം വ്യത്യാസമെ ഉണ്ടായിരുന്നുള്ളു. തലനാരിഴക്ക് രക്ഷപ്പെട്ട സര്‍ഫിങ് വിദഗ്ധന്‍ ദേവന്‍ സിമ്മര്‍മാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.

മസ്സാച്യുസെറ്റ്സിലെ ‘കേപ് കോഡി’ലാണ് സംഭവം. ഫോട്ടോഗ്രാഫറായ ജിം മൗള്‍ട്ടാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. സർഫിങ്ങിനിടെ വെള്ളത്തിനടിയിൽ നിന്നും വലിയ ശബ്ദം കേട്ടതോടെയാണ് സർഫർ തിരിഞ്ഞുനോക്കിയത്. സ്രാവിനെ കണ്ടപ്പോൾ സർഫർ ഞെട്ടിയെങ്കിലും മനോധൈര്യം കൈവിടാതെ കാലുകൾ വെള്ളത്തിൽ നിന്നും കയറ്റി സർഫിങ് ബോഡിൽ കയറിയിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം സ്രാവ് അതിന്റെ ലക്ഷ്യം മാറ്റിയതിന് ശേഷമാണ് സർഫർ തീരത്തേക്ക് നീങ്ങിയത്.

അതേസമയം കഴിഞ്ഞ ദിവസം കൂറ്റൻ സ്രാവിന്റെ മുന്നിൽ നിന്നും അത്ഭുതകരമായ രക്ഷപെട്ട സർഫറുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കടലിൽ സർഫിങ്ങിനിറങ്ങിയ സഞ്ചാരിയുടെ വളരെ അടുത്തെത്തിയ കൂറ്റൻ സ്രാവിനെയാണ്‌ വീഡിയോയിൽ കാണുന്നത്. സർഫറിന്റെ അടുത്തേക്ക് പാഞ്ഞുവരികയാണ് ഭീമൻ സ്രാവ്. സ്രാവ് സർഫറുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട ഡ്രോൺ നിരീക്ഷകൻ ഉടൻ തന്നെ ഡ്രോൺ വഴി സന്ദേശം സർഫറെ അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ച സർഫർ പെട്ടന്ന് തന്നെ ഡയറക്ഷൻ മാറ്റി തീരം ലക്ഷ്യമാക്കി നീങ്ങി. അതോടെ സർഫറെ ലക്ഷ്യമാക്കി വന്ന സ്രാവ് ആഴക്കടലിലേക്ക് നീങ്ങി. കൃത്യമായി നിർദ്ദേശം ലഭിച്ചതിനാൽ അദ്ദേഹം വലിയൊരു അപകടത്തിൽ നിന്നും രക്ഷപെട്ടു. ഓ‌സ്ട്രേ‌ലി‌യ‌യി‌ലെ ന്യൂ ‌സൗ‌ത്ത് വേ‌ൽ‌സി‌ലാ‌ണ് സം‌ഭ‌വം.