ഡോക്ടർ പാടി; വേദന മറന്ന് കുഞ്ഞുവാവ, ഹൃദ്യം ഈ വീഡിയോ

November 10, 2019

എല്ലാവേദനകളും മറക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് സംഗീതമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചികിത്സയ്ക്കൊപ്പം പാട്ടും മരുന്നായി നൽകുന്ന ഒരു ഡോക്ടറിന്റെയും അദ്ദേഹത്തിന്റെ പാട്ടിൽ വേദന മറക്കുന്ന ഒരു കുഞ്ഞുവാവയുടെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ഞിന്റെ രക്തം പരിശോധിക്കുന്നതിനായി ബ്ലഡ് എടുക്കുന്നതിനിടെയാണ് ഡോക്ടർ റയാൻ കോറ്റ്‌സി കുഞ്ഞിനെനോക്കി മനോഹരമായി പാട്ടുപാടുന്നത്. ഇതോടെ വേദന മറന്ന് കുഞ്ഞും ഡോക്ടറുടെ പാട്ടിൽ അലിഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം.

ഷാനോൻ വെമിസ് എന്ന വ്യക്തിയാണ് തന്റെ മകളെ നോക്കുന്ന ഡോക്ടറുടെ വീഡിയോ  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സാധാരണ കുഞ്ഞിനെ ഡോക്ടർമാർ പരിശോധിക്കുമ്പോൾ കുഞ്ഞ് കരയാറുണ്ട്. എന്നാൽ ഈ ഡോക്ടർ നോക്കിയപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും കുഞ്ഞ് പൊഴിച്ചില്ലെന്നും ഇദ്ദേഹം ഒരു അത്ഭുതമാണെന്നുമാണ് ഷാനോൻ ഫേസ്ബുക്കിൽ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോയ്ക്ക് പിന്നാലെ നിരവധി ആളുകളും ഡോക്ടറെ അഭിനന്ദിച്ച് രംഗത്തെത്തി. 17 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം 40 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.