അഭിഭാഷകയായി അമ്മയുടെ സത്യപ്രതിജ്ഞ; ജഡ്ജിയുടെ കൈയിലിരുന്ന് സാക്ഷിയായി കുഞ്ഞ്: സ്‌നേഹവീഡിയോ

November 16, 2019

രസകരമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സൈബര്‍ ലോകത്തിന്റെ മനം നിറയ്ക്കുകയാണ് ഒരു അമ്മയും കുഞ്ഞും. നവജാത ശിശുവിനെ സാക്ഷിയാക്കി അഭിഭാഷകയാകുന്നതിനുവേണ്ടിയുള്ള സത്യപ്രതിജ്ഞ ചൊല്ലുകയാണ് അമ്മ. കുഞ്ഞാകട്ടെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ജഡ്ജിയുടെ കൈകളിലും.

എന്തായാലും സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ അമ്മയും കുഞ്ഞും. വാഷിങ്ടണിലെ ഒരു കോടതിയിലാണ് ഈ സ്‌നേഹക്കാഴ്ചകള്‍ അരങ്ങേറിയത്. ഒരു അഭിഭാഷകയാകുക എന്നത് ജൂലിയാന ലാമറിന്റെ സ്വപ്‌നമായിരുന്നു. തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് കുഞ്ഞും സാക്ഷിയാകുന്നത് ഇരട്ടി മധുരം നല്‍കുന്നുണ്ട് ലാമറിന്. ലാമര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സഹപാഠി വീണ്ടും ട്വീറ്റ് ചെയ്തതോടെ ഈ സ്‌നേഹ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Read more:ജനനം മുതൽ 20 വയസ് വരെ ഓരോ ആഴ്ചയിലും അച്ഛൻ പകർത്തിയ മകളുടെ ചിത്രങ്ങൾ; അമ്പരപ്പിച്ച് അവസാനത്തെ ചിത്രം

റിച്ചാര്‍ഡ് ഡിന്‍കിസാണ് ജൂലിയാന ലാമറിന് സത്യവാചകം ചൊല്ലിക്കൊടുത്ത ജഡ്ജി. ഒരു കൈയില്‍ ലാമറിന്റെ കുട്ടിയെ എടുത്തുപിടിച്ചുകൊണ്ടാണ് മറുകൈയിലെ പേപ്പറില്‍ നോക്കി നിച്ചാര്‍ഡ് ഡിന്‍കിസ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞ ചെയ്യാനായി വന്ന ലാമര്‍ കുട്ടിയെ എടുത്തിനില്‍ക്കുന്നതുകണ്ട ജഡ്ജി തന്നെയാണ് ഈ സ്വപ്‌ന സാക്ഷാത്കാരത്തിന് കുഞ്ഞിനെ സാക്ഷിയാക്കാം എന്ന ആശയം മുന്നോട്ടുവെച്ചത്. അദ്ദേഹം തന്നെ കുട്ടിയെ കൈയിലെടുക്കുകയും  ചെയ്തു.