ഇന്ത്യക്കെതിരെ ആദ്യജയം സ്വന്തമാക്കി ബംഗ്ലാദേശ്

November 4, 2019

ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിക്കായിരുന്നു മത്സരം. മൂന്ന് മത്സരങ്ങളുണ്ട് പരമ്പരയില്‍.

അതേസമയം ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ടി20 വിജയമാണിത്. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ടി20യില്‍ ഒമ്പത് തവണ മത്സരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ 148 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 149 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു.

Read more:‘ഈ വാക്കുകള്‍ക്കായി ഒരുപാട് കാത്തിരുന്നിട്ടുണ്ട്’; ഹൃദയംതൊട്ട് കുഞ്ചാക്കോ ബോബന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സ് നേടിയത്. അതേസമയം ഇന്ത്യയ്ക്കായി ശിവം ദുബേ ടി20യില്‍ അരങ്ങേറ്റം നടത്തി. എന്നാല്‍ ഒരു റണ്‍സ് മാത്രമാണ് ദുബേ അടിച്ചെടുത്തത്. ഒമ്പത് റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. വീരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ബംഗ്ലാദേശിനെതിരെയുള്ള ടി20യില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.