ഇനി പറയേണ്ടി വരും’ അവിടെ ഒരു ഫ്ളാറ്റ് ഉണ്ടായിരുന്നു’ എന്ന്…

January 11, 2020

മുത്തശ്ശിക്കഥകള്‍ കേട്ടിട്ടില്ലേ… ഒരിടത്ത് ഒരിടത്തൊരു വീടുണ്ടായിരുന്നു… എന്നു തുടങ്ങുന്ന ചില കഥകള്‍. ഇനി ഇങ്ങനെ പറയേണ്ടി വരും മരടിലെ ഫ്ളാറ്റിനെക്കുറിച്ചും. ‘അവിടെ ഒരു ഫ്ളാറ്റ് ഉണ്ടായിരുന്നു’ എന്ന്… തീരദേശ സംരക്ഷണ നിയമം ലംഘിച്ച മൂന്ന് ഫ്ളാറ്റുകള്‍ അങ്ങനെ നിലം പൊത്തി. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്ളാറ്റുകള്‍ തകര്‍ത്തത്. ഹോളിഫെയ്ത് എച്ച് ടു ഒ, ഇരട്ട ടവറുകളുള്ള ആല്‍ഫ സെറീന്‍ ഫ്ളാറ്റുകളാണ് സെക്കന്‍ഡുകള്‍ കൊണ്ട് തകര്‍ത്തത്.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഫ്ളാറ്റുകള്‍ പൊളിച്ചിരിക്കുന്നത്. 19 നിലയുള്ള എച്ച്ടുഒ ഫ്ളാറ്റ് ആദ്യം നിലംപൊത്തി. കൃത്യമായി പറഞ്ഞാല്‍ 11.18ന്. തുടര്‍ന്ന് 11.43 നും 11.44 നുമായി ആല്‍ഫ സെറീനിലെ ഇരട്ട ടവറുകളും നിലംപൊത്തി. ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ നാളെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കും.

സ്‌ഫോടനത്തിനു മുന്നോടിയായി പ്രദേശത്ത് 200 മീറ്റര്‍ ചുറ്റളവില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. നിലവില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ വെറും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാത്രമായി മാറിയിരിക്കുകയാണ്.