97-ാം വയസ്സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വിദ്യാ ദേവി

January 20, 2020

‘അയ്യോ എനിക്ക് പ്രായമായി, എന്നെക്കൊണ്ട് ഇനി ഒന്നിനും വയ്യേ…’ എന്നൊക്കെ പരിതപിക്കുന്നവര്‍ അറിയണം വിദ്യാ ദേവിയെക്കുറിച്ച്. തന്റെ 97-ാമത്തെ വയസ്സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. അതും പ്രായമൊക്കെ വെറുമൊരു നമ്പര്‍ മാത്രമല്ലേ എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്.

രാജസ്ഥാനിലെ ശികാര്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് 97- വയസ്സുകാരിയായ വിദ്യാ ദേവി മത്സരിച്ചതും വിജയിച്ചതും. പുരനാവാസ് പഞ്ചായത്തില്‍ നിന്നും മത്സരിച്ച ഇവര്‍ 207 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ നേടിയത് 843 വോട്ടുകള്‍. ആരതി മീന ആയിരുന്നു വിദ്യാ ദേവിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. വയസ്സ് 97 ആണെങ്കിലും ആരോഗ്യവതിയാണ് വിദ്യാ ദേവി. രണ്ട് കിലോമീറ്റര്‍ നടന്നാണ് ഇവര്‍ നോമിനേഷന്‍ നല്‍കാന്‍ പഞ്ചായത്തില്‍ എത്തിയത് പോലും.

Read more: ഭക്തിഗാനത്തിനൊപ്പം സിനിമാ ഗാനവും പാടി വിരല്‍ത്തുമ്പില്‍ സംഗീതവും തീര്‍ത്ത് ഒരു പുരോഹിതന്‍: വീഡിയോ

അതേസമയം വിദ്യാ ദേവി ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കും എന്ന ഉറപ്പാണ് വിദ്യാ ദേവി വോട്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. സ്ഥലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും എല്ലായിടത്തും വെള്ളം എത്തിക്കുമെന്നും പാവപ്പെട്ട വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും വിദ്യാ ദേവി വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ പോലും ശ്രദ്ധ നേടി വിദ്യാ ദേവിയുടെ 97-ാം വയസ്സിലെ ഈ തിരഞ്ഞെടുപ്പ് വിജയം.