അതിവേഗം 5000 റണ്‍സ് തികച്ച നായകന്‍; ചരിത്രം കുറിച്ച് വിരാട് കോലി

January 21, 2020

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചരിത്രം സൃഷ്ടിക്കുന്നതില്‍ ബഹു കേമനാണ്. ബാറ്റുമായി കോലി ക്രീസില്‍ ഇറങ്ങുമ്പോള്‍ മിക്കപ്പോഴും പുതു ചരിത്രങ്ങളും പിറവിയെടുക്കുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയുടെ അവസാന മത്സരത്തിലും ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

കഴിഞ്ഞ 19-ാം തീയതിയായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം നടന്നത്. ബംഗളൂരുവില്‍ വെച്ചു നടന്ന മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയും സ്വന്തമാക്കി. നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോര്‍ഡാണ് പുതിയതായി വിരാട് കോലി കുറിച്ചിരിക്കുന്നത്.

നായകനായതിന് ശേഷം കളിച്ച തന്റെ 82-ാം ഇന്നിങ്‌സിലാണ് കോലി അതിവേഗം 5000 റണ്‍സ് എന്ന ചരിത്രം സൃഷ്ടിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി 127 ഇന്നിങ്‌സുകള്‍ കൊണ്ടാണ് 5000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ധോണിയാണ് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതും. 131 ഇന്നിങ്‌സുകളില്‍ നിന്നുമായി 5000 റണ്‍സ് തികച്ച മുന്‍ ഓസിസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 135 മത്സരങ്ങളില്‍ നിന്നായി 5000 റണ്‍സ് തികച്ച മുന്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഗെയിം സ്മിത്താണ് നാലാം സ്ഥാനത്ത്.

Read more: ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് സിദ് ശ്രീറാം; മനോഹരം ഈ പ്രണയഗാനം: വീഡിയോ

അടുത്തിടെ 2019 വര്‍ഷത്തെ ക്രിക്കറ്റിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് ഐസിസി പ്രഖ്യാപിച്ച പുരസ്‌കാര പട്ടികയിലും വിരാട് കോലി ഇടം നേടിയിരുന്നു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂകിയ ആരാധകരെ തിരുത്തിയതാണ് വിരാട് കോലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കൂടാതെ 2019 വര്‍ഷത്തെ ഐസിസിയുടെ ഏകദിന ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും കോലിക്കായിരുന്നു.