ഒറ്റക്കാലിൽ ഓടിയും ചാടിയും റെക്കോർഡുകൾ വാരിക്കൂട്ടി കെല്ലി; ഇത് അർബുദത്തെ ഓടി തോൽപ്പിച്ച ധീര വനിതയുടെ കഥ

February 21, 2020

ചില കഥകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ ഒരു നനവ് പടരും, ചിലപ്പോൾ ഒരു ചെറുപുഞ്ചിരിയും ചുണ്ടിൽ വിരിയും. അപ്രതീക്ഷിതമായി കടന്നു വരുന്ന അപകടങ്ങൾ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കും. പക്ഷേ പ്രതിസന്ധി ഘട്ടങ്ങളെ മനക്കരുത്തുകൊണ്ട് തോൽപ്പിക്കുന്നവരാണ് ജീവിതത്തിലെ യഥാർത്ഥ ഹീറോകൾ.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് കെല്ലി കാര്‍ട്ട്‌റൈറ്റ് എന്ന ധീരയായ പെൺകുട്ടി. നടന്നുനീങ്ങിയ വഴിയിൽ തടസങ്ങൾ വന്നപ്പോൾ തളർന്നുനിൽക്കാതെ പുതിയ വഴികളെ തേടിപോയവളാണ് കെല്ലി.

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മനോഹര ദിവസങ്ങളിൽ പെട്ടന്നാണ് കെല്ലിയെ തേടി കാൻസർ എന്ന വില്ലൻ എത്തിയത്. പതിനഞ്ചാം വയസിൽ കെല്ലിയുടെ ഒരു കാൽ കാൻസർ കവർന്നെടുത്തു. ലോകം മുഴുവൻ അവളെ സഹതാപത്തിന്റ കണ്ണുകളിലൂടെ നോക്കിയപ്പോൾ ഇനിയെന്ത്…എന്ന സംശയങ്ങളും ആശങ്കകളും ആ കൊച്ചു പെൺകുട്ടിയിലും ഉടലെടുത്തു. എന്നാൽ ആരുടെയും സഹതാപം ഏറ്റുവാങ്ങാനുള്ളതല്ല തന്റെ ജീവിതമെന്ന് ഉറച്ചു വിശ്വസിച്ച കെല്ലി പിന്നീടങ്ങോട്ട് ജീവിതം പുതിയ വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

കായികമേഖലയിലുള്ള തന്റെ ഇഷ്ടത്തിന് മുന്നിൽ വിധിയുടെ ക്രൂരത ഒരു തടസ്സമാവാൻ കെല്ലി അനുവദിച്ചില്ല. കൃത്രിമ കാൽ സ്വന്തമാക്കിയ കെല്ലി തന്റെ നെറ്റ് ബോൾ കളത്തിലേക്ക് വീണ്ടും മടങ്ങിവരവ് നടത്താൻ തീരുമാനിച്ചു. എന്നാൽ ഇത് അസാധ്യമെന്ന് തിരിച്ചറിഞ്ഞതോടെ മറ്റ് സ്പോർട്സ് ഇനങ്ങളിലേക്ക് കെല്ലി ഇറങ്ങി. 100 മീറ്റർ ഓട്ടത്തിലും ലോങ്ങ് ജമ്പിലും പരിശീലനം ആരംഭിച്ച കെല്ലി മൗണ്ട് കിളിമഞ്ചാരോ എന്ന പർവ്വതവും കീഴടക്കി. ഒറ്റക്കാലിൽ പർവതം കീഴടക്കിയ ആദ്യ ഓസ്‌ട്രേലിയൻ വനിതയാണ് കെല്ലി. ഇതിന് ശേഷം ഒറ്റക്കാലിൽ ഓടിയും ചാടിയും നിരവധി റെക്കോർഡുകൾ വാരിക്കൂട്ടുകയാണ് കെല്ലി. താരത്തിന് പൂർണപിന്തുണയുമായി ഭർത്താവും കുഞ്ഞും കൂടെയുണ്ട്.

അർബുദം എന്ന രോഗത്തോട് നിശ്ചയദാർഢ്യത്തോടെ പോരാടുന്നവർക്കിടയിൽ താരമാകുകയാണ് കെല്ലി കാര്‍ട്ട്‌റൈറ്റ് എന്ന ധീരവനിതയും.