ആരാധകരെ ചിരിപ്പിച്ചുകൊണ്ട് വിക്കിനെ തോല്‍പിച്ചു; ‘മണ്ടത്തരങ്ങളെ’ മഹാ വിജയമാക്കിയ മിസ്റ്റര്‍ ബീന്‍

February 22, 2020

റൊവാന്‍ ആറ്റ്കിന്‍സണ്‍…! അപരിചിതമായിരിക്കും പലര്‍ക്കും ഈ പേര്. എന്നാല്‍ ‘മിസ്റ്റര്‍ ബീന്‍’ എന്ന് കേട്ടാലോ, മുഖത്ത് ഒരു ചിരി വിടരാന്‍ അതുമതി. ഈ കഥാപാത്രത്തെ അത്രമേല്‍ മികച്ചതാക്കിയ താരമാണ് റൊവാന്‍ ആറ്റ്കിന്‍സണ്‍. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയതാണ് മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തെ. മിസ്റ്റര്‍ ബീന്‍ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്‍ മറക്കാന്‍ സാധ്യതയില്ല. നര്‍മ്മത്തെ അതിന്റെ പരമോന്നതിയില്‍ എത്തിക്കാന്‍ ഈ കഥാപാത്രത്തിന് സാധിക്കുന്നു എന്നതാണ് വാസ്തവം.

എന്നാല്‍ മിസ്റ്റര്‍ ബീനെ അനശ്വരമാക്കിയ റൊവാന്‍ ആറ്റ്കിന്‍സണിന്റെ ജീവിതം വലിയ പ്രചോദനമാണ്. കുറവുകളെ നിറവുകളാക്കുകയായിരുന്നു അദ്ദേഹം. സംസാരിക്കുമ്പോള്‍ വിക്കുണ്ട്. മുഖമാണെങ്കില്‍ കോമാളിയുടേത് പോലെ. അതുകൊണ്ടുതന്നെ സിനിമാ മോഹവുമായി ലൊക്കേഷനില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ മടക്കി അയക്കാറായിരുന്നു പതിവ്. ഒടുവില്‍ തന്റെ കുറവുകളെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു റൊവാന്‍ ആറ്റ്കിന്‍സണ്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രം കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങള്‍, തോല്‍ക്കാന്‍ മനസ്സില്ലാത്ത റൊവാന്‍ ആറ്റ്കിന്‍സണിന്റെ ബുദ്ധിപരമായ തീരുമാനത്തില്‍ നിന്നും ഉടലെടുത്തതാണെന്ന് ചുരുക്കം.

തന്റെ പരിമിതികളെ മറികടക്കാന്‍ തനിക്ക് ഇണങ്ങുന്ന കഥാപാത്രത്തെ റൊവാന്‍ മെനഞ്ഞെടുത്ത് ജീവന്‍ പകര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ഹൃദയത്തിലേറ്റി. ‘മുതിര്‍ന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി’ എന്നാണ് റൊവാന്‍ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

Read more: അഞ്ച് വയസ്സിനുള്ളില്‍ 14 രാജ്യങ്ങള്‍; ലോകം ചുറ്റിക്കറങ്ങുന്ന കുഞ്ഞു സഞ്ചാരി: വീഡിയോ

1955 ജനുവരി ആറിനായിരുന്നു റൊവാന്‍ ആറ്റ്കിന്‍സണിന്റെ ജനനം, ഇംഗ്ലണ്ടിലെ ഒരു സമ്പന്ന കര്‍ഷക കുടുംബത്തില്‍. ഒരു കോമാളിയുടേത് പോലെയാണ് തന്റെ മുഖമെന്ന ചിന്തയായിരുന്നു കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന്. ആ അപകര്‍ഷതാബോധം വളരെയധികം അലട്ടുകയും ചെയ്തു. ഇംഗ്ലണ്ടില്‍ തന്നെയായിരുന്നു റൊവാന്റെ പ്രാഥമിക വിദ്യാഭ്യാസം. പൊതുവെ അന്തര്‍മുഖനായിരുന്നുവെങ്കിലും പഠനത്തില്‍ കേമന്‍. ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദനന്തര ബിരുദം വരെ നേടി.

കുട്ടിക്കാലം മുതല്‍ക്കേ റൊവാന്‍ ആറ്റ്കിന്‍സണ്‍ ഒരു ആഗ്രഹം ഹൃദയത്തില്‍ സൂക്ഷിച്ചു. അഭിനയം എന്ന മോഹം. എന്നാല്‍ ആഗ്രഹം മറ്റുള്ളവരെ അറിയിച്ചപ്പോഴെല്ലാം വലിയ പരിഹാസമാണ് നേരിടേണ്ടി വന്നത്. അവസരങ്ങള്‍ ചോദിച്ച് ചെന്നിടങ്ങളില്‍ നിന്നെല്ലാം ലഭിച്ചത് വലിയ നിരാശകള്‍ മാത്രം. തുടര്‍ന്ന് ഹാസ്യം തനിക്ക് നന്നായി ഇണങ്ങുമെന്ന് ഉറച്ചു വിശ്വസിച്ച റൊവാന്‍ ആറ്റ്കിന്‍സണ്‍ ഒരു കോമിക് ട്രൂപ്പില്‍ അംഗമായി. എന്നാല്‍ വിക്ക് വില്ലനായതോടെ അവിടം വിടേണ്ടിവന്നു റൊവാന്‍ ആറ്റ്കിന്‍സണിന്.

ഒടുവില്‍ തിരിച്ചറിഞ്ഞു, തനിക്ക് വിജയിക്കാനുള്ള ലോകം സ്വയം സൃഷ്ടിച്ചെടുക്കണമെന്ന്. ഈ ബോധ്യത്തില്‍ നിന്നുമാണ് അദ്ദേഹം മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിന് ജന്മം കൊടുത്തത്. വാക്കുകളേക്കാള്‍ ശരീരഭാഷകൊണ്ട് സംസാരിക്കുന്ന മിസ്റ്റര്‍ബീന്‍ അതിവേഗം ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഒരു വാക്ക് പോലും ഉച്ചരിക്കാതെ ശരീരഭാഷകൊണ്ട് ഹാസ്യത്തെ അതിമനോഹരമാക്കിയ റൊവാന്‍ ആറ്റ്കിന്‍സണ്‍ എക്കാലത്തെയും മികച്ച ഹാസ്യതാരംതന്നെയാണ്.