സൂര്യയുടെ ‘സൂരറൈ പോട്ര്’ വിമാനമേറി പറക്കും

February 12, 2020

ആരാധകർ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സൂര്യയോടൊപ്പം നടി അപർണ ബാലമുരളിയുമെത്തുന്നുവെന്ന പ്രത്യേകയുമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ വളരെ വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. കാരണം ഓഡിയോ ലോഞ്ചും പോസ്റ്റർ റിലീസുമൊക്കെ ആകാശത്തുവെച്ചാണ് നടക്കുന്നത്.

സ്‌പൈസ് ജെറ്റുമായി സഹകരിച്ചാണ് പ്രൊമോഷൻ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ബോയിങ്-737ൽ പതിപ്പിച്ച് ഫെബ്രുവരി പതിമൂന്നിന് പറക്കാൻ തയ്യാറെടുക്കുകയാണ്.

സമാനമായി ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോൺ സില്ലിയുടെ ഓഡിയോ ലോഞ്ച് സ്‌പൈസ് ജെറ്റ് 737ൽ വെച്ച് നടക്കും. ഇങ്ങനെ നൂതനമായ രീതികൾ സ്വീകരിച്ചാണ് ചിത്രത്തിന്റെ മാർക്കറ്റിങ് പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്.

സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരറൈ പോട്ര്’. 2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം.

Read More:കത്രികവയ്ക്കാതെ സെന്‍സര്‍ ബോര്‍ഡ്; ‘ട്രാന്‍സ്’ ഫെബ്രുവരി 20 മുതല്‍

സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.