ഹോട്ടലുകളെ ആശുപത്രികളാക്കി സൂപ്പർതാരം; ഒപ്പം ജീവനക്കാരുടെയും ഡോക്ടർമാരുടെയും വേതനവും ഏറ്റെടുത്തു, വാർത്ത നിഷേധിച്ച് ‘സിആർ7’ ഹോട്ടൽ

March 16, 2020

ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‍ബോൾ കളിക്കാരിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കൊവിഡ്- 19 ലോകമെമ്പാടും വ്യാപകമാകുമ്പോൾ സഹായ ഹസ്തവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹത്തിന്റെ ഹോട്ടലുകൾ ആശുപത്രികളാക്കാൻ വിട്ടുനൽകിയെന്നായിരുന്നു വാർത്ത.

പോർച്ചുഗലിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘സിആർ7’ ഹോട്ടലുകളാണ് ആശുപത്രികളാക്കാൻ വിട്ടുനൽകിയത് . അതോടൊപ്പം ഈ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളുടെ ചെലവും ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും വേതനവുമെല്ലാം അദ്ദേഹം തന്നെ വഹിക്കുമെന്നും വാർത്തകൾ പരന്നിരുന്നു.

ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെ അദ്ദേഹത്തെ പുകഴ്ത്തി നിരവധി ആരാധകരും രംഗത്തെത്തി. സ്പാനിഷ് ദിനപത്രമായ മാർകയും യുവന്റസ് വെബ്സൈറ്റുമാണ് ഈ വാർത്തകൾ പുറത്തുവിട്ടത്. അതേസമയം ഈ റിപ്പോർട്ട് നിഷേധിച്ചിരിക്കുകയാണ് ‘സിആർ7’ ഹോട്ടൽ.

എന്നാൽ ഇപ്പോൾ പോർച്ചുഗലിൽ ഐസൊലേഷനിൽ കഴിയുകയാണ് താരം. സഹതാരം ഡാനിയേല റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് താരത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.