വനിതാ ദിനത്തിൽ പോരാട്ട വീര്യവുമായി പെൺപട- ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ

March 8, 2020

രാജ്യാന്തര വനിതാ ദിനത്തിൽ ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയെ നേരിടാൻ ഇന്ത്യ. ഓസ്‌ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഇന്ത്യൻ ക്യാപ്റ്റൻ ഹർമീൻ പ്രീത് കൗറിന്റെ ജന്മദിനം കൂടിയായ ഇന്ന് ഓസ്‌ട്രേലിയയെ തകർത്ത് ക്യാപ്റ്റന് പിറന്നാൾ സമ്മാനമായി കിരീടമുയർത്താനാണ് ടീമംഗങ്ങളുടെ തയ്യാറെടുത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസിസ് ടീമിനെ ഇന്ത്യ തോൽപിച്ചിരുന്നു.

കലാശപ്പോരാട്ടത്തിൽ ഇന്ത്യക്ക് എതിരെ നിൽക്കുന്ന ഓസ്‌ട്രേലിയ നിലവിൽ ചാംപ്യൻമാരാണ്. ഇംഗ്ളണ്ടിനെതിരായ സെമി ഫൈനലിൽ മഴ എത്തിയതോടെ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് വഴിതുറക്കുകയായിരുന്നു. മികച്ച ഫോമിലുള്ള ഓപ്പണർ ഷാവാലി വർമയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

സെമി ഫൈനലിന് റിസർവ് ദിനമില്ലാതെ വന്നതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ലഭിച്ച പോയിന്റുകളുടെ അനുകൂല്യത്തിലാണ് ഇന്ത്യക്ക് ഫൈനലിൽ അവസരം ലഭിച്ചത്. സിഡ്‌നിയിൽ നടന്ന സെമി ഫൈനൽ മത്സരങ്ങൾ മഴമൂലം തടസപ്പെട്ടെങ്കിലും മെൽബണിൽ മഴ തടസ്സമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം വനിതാ ദിനത്തിൽ നടക്കുന്ന മത്സരത്തിൽ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കാണികളെ നിറയ്ക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. 90000 കാണികളെന്നാണ് പ്രതീക്ഷിക്കുന്നത്.