ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

March 30, 2020

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മാര്‍ച്ച് 20 ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കലാവധി മൂന്ന് മാസം കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ 15 വരെ രാജ്യത്ത് പ്രധാന മന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കേരളത്തില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 17 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ ഉള്ളവരാണ്. കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയിലും ഇടുക്കി ജില്ലയിലും രണ്ട് വീതം രോഗ ബാധിതരെയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 213 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അതേസമയം ഇന്ന് 126 പേരെയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 1,56,660 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 623 പേര്‍ ആശുപത്രിയിലാണ്.