2020-ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന്; എന്താണ് ഈ ‘പിങ്ക് സൂപ്പര്‍മൂണ്‍’…

April 7, 2020

പ്രപഞ്ചത്തിലെ മനോഹരമായ ഒരു പ്രതിഭാസത്തിന് ലോകം ഇന്ന് സാക്ഷ്യം വഹിക്കും. 2020-ലെ ഏറ്റവും വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്നാണ്. വൈകിട്ട് ആരംഭിക്കുന്ന പ്രതിഭാസം അതിന്റെ പരിപൂര്‍ണ്ണതയിലെത്തുക ഏപ്രില്‍ എട്ടിന് ഇന്ത്യന്‍ സമയം രാവിലെ 8.30 ഓടെ. പിങ്ക് സൂപ്പര്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം ചന്ദ്രനെ നഗ്ന നേത്രങ്ങള്‍ക്കൊണ്ട് ഏറ്റവും വലിപ്പത്തില്‍ കാണാന്‍ ലഭിക്കുന്ന അവസരമാണ്.

സാധാരണ നിലയിലുള്ള പൂര്‍ണ്ണ ചന്ദ്രനേക്കാള്‍ 14 ശതമാനത്തിലേറെ വലിപ്പവും 30 ശതമാനത്തിലേറെ പ്രകാശവുമുണ്ടാകും സൂപ്പര്‍മൂണിന്. ചന്ദ്രന്‍ സഞ്ചാര പഥത്തില്‍ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പ്രത്യേക സമയത്ത് ഭൂമിയുമായി ഏറ്റവും അടുത്തുവരുന്നു. ഇത്തരത്തില്‍ ഭൂമിയുടെ അടുത്തെത്തുന്ന ചന്ദ്രനാണ് സൂപ്പര്‍മൂണ്‍ എന്ന് അറിയപ്പെടുന്നത്. ശാസ്ത്രീയമായി പെരിഗീ എന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു.

ഫ്‌ലോക്‌സ് സുബുലാറ്റ എന്ന പുഷ്പത്തില്‍ നിന്നുമാണ് ഈ സൂപ്പര്‍മൂണിന് പിങ്ക് സൂപ്പര്‍മൂണ്‍ എന്ന പേര് ലഭിച്ചത്. വലിപ്പം കൂടിയ പിങ്ക് നിറത്തിലുള്ള ഫ്‌ലോക്‌സ് സുബുലാറ്റ പുഷ്പം വിടരുന്നത് അമേരിക്കയില്‍ വസന്തത്തിന്റെ സൂചനയാണ്. സാധാരണ ഏപ്രില്‍ മാസത്തിലാണ് ഈ പൂവ് വിടരുക. ഈ പൂവിനോട് ഉപമിക്കുകയാണ് പിങ്ക് സൂപ്പര്‍മൂണിനേയും.