ലോക്ക് ഡൗണ്‍: കേന്ദ്ര നിര്‍ദ്ദേശം പാലിക്കുമെന്ന് മന്ത്രിസഭ; സംസ്ഥാനത്തെ നാല് മേഖലകളായി തിരിക്കും

April 16, 2020

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. അതേസമയം ഈ മാസം 20 വരെ നിയന്ത്രണങ്ങള്‍ ശക്തമായിരിക്കും സംസ്ഥാനത്ത്.

ഏപ്രില്‍ 20 ന് ശേഷം കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകള്‍ക്ക് ഇളവ് നല്‍കും. അതേസമയം കൊവിഡ് രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളെ നാല് മേഖലകളായി തിരിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകള്‍ നല്‍കുക. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ റെഡ് സോണുകളാക്കി. ഈ ജില്ലകളില്‍ ഏപ്രില്‍ 20 ന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

ഏപ്രില്‍ 24 നു ശേഷം ഭാഗീകമായ ഇളവുകള്‍ നല്‍കുന്നതാണ് രണ്ടാമത്തെ മേഖല. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളാണ് ഈ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൂന്നാമത്തെ മേഖലയില്‍ ഭാഗീകമായി ജനജീവിതം അനുവദിക്കാനാണ് തീരുമാനം. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളാണ് ഈ മേഖലയില്‍. കോട്ടയം, ഇടുക്കി ജില്ലകളെ പൂര്‍ണ ഇളവുള്ള മേഖലയാക്കും.