മാറ്റിവെച്ച എം ജി സർവകലാശാല പരീക്ഷകൾ മെയ് മൂന്നാം വാരം മുതൽ..

April 22, 2020

കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മെയ് മൂന്നാം വാരം മുതൽ നടക്കും. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്. ഉത്തരക്കടലാസ് മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ഹോം വാല്യുവേഷനായി നടത്തും.

ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ യഥാക്രമം മെയ് 18, 19 തിയതികളിൽ പുനഃരാരംഭിക്കുമെന്നാണ് അറിയിപ്പ്. മഹാത്മാഗാന്ധി സർവകലാശാല പരീക്ഷാ കൺട്രോളർ ആണ് പുതുക്കിയ തീയതി അറിയിച്ചത്.

അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ് 25 മുതൽ നടക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മെയ് 25, 28 മുതൽ കോളേജുകളിൽ നടക്കും.

നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മെയ് 25ന് ആരംഭിക്കും. പിജി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും. യുജി രണ്ടാം സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാം വാരം മുതൽ നടക്കും. രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും. പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.