അത്യാവശ്യക്കാര്‍ക്ക് പണം വീട്ടില്‍ എത്തിച്ചു നല്‍കാന്‍ തയാറായി എസ്ബിഐ

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അവശ്യ സേവനങ്ങള്‍ മാത്രമാണ് പൊതു ജനങ്ങള്‍ക്ക് ലഭ്യമാവുക. ഈ ഘട്ടത്തില്‍ ബാങ്ക് ഇടപാടുകള്‍ പരമാവധി ഓണ്‍ലൈനായി നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ ബാങ്ക് ശാഖകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നുമൊക്കെ ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കേണ്ടതായി വരുന്നു.

കൊവിഡ് 19 വ്യാപനത്തെ ചെറുക്കുന്നതിന് സാമൂഹിക അകലം പാലിക്കുക എന്നത് അനിവാര്യമാണ്. അതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമൊക്കെ ലോക്ക് ഡൗണ്‍ കാലത്ത് പുറത്തിറങ്ങുന്നതിന് പരിമിധികളുണ്ട്. ബാങ്കിലോ എടിഎമ്മിലോ ചെന്ന് പണം എടുക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിച്ചെന്നു വരില്ല. ഇവര്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് എസ്ബിഐ.

Read more: “നിന്നെ കാണുന്നതിനും മുന്‍പേ എന്റെ ആദ്യ ചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളി”: ഭാര്യ പ്രിയയോട് കുഞ്ചാക്കോ ബോബന്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം എസ്ബിഎ വീട്ടില്‍ പണം എത്തിച്ചുനല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശോഷിക്കാര്‍ക്കുമായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക. എന്നാല്‍ ഇവര്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്.

പണം നല്‍കല്‍, നിക്ഷേപിക്കാനായി പണം സ്വീകരിക്കല്‍ ചെക്ക് സ്വീകരിക്കല്‍, ഡ്രാഫ്റ്റ് നല്‍കല്‍, ലൈഫ് സര്‍ട്ടിഫിക്കേറ്റ് നല്‍കല്‍, കെവൈസി രേഖകള്‍ സ്വീകരിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുക. സേവനം ലഭ്യമാകുന്നതിന് 1800111103 എന്ന നമ്പറില്‍ ബന്ധപ്പെടണം. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് സമയപരിധി.

ഒരു ദിവസം പരമാവധി 20,000 രൂപയാണ് ഇത്തരത്തില്‍ പിന്‍വലിക്കാനും നിക്ഷേപിക്കാനും സാധിക്കുക. സ്വന്തം ശാഖയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കായാണ് ഈ സേവനം. സാമ്പത്തിക ഇടപാടുകള്‍ക്ക് 100 രൂപയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 60 രൂപയും ജിഎസ്ടിയും സേവന നിരക്കായും നല്‍കേണ്ടി വരും.