ട്രാൻസ്ജെൻഡേഴ്സിന് സഹായമെത്തിച്ച് ജയസൂര്യയും കുടുംബവും

ട്രാൻസ്ജെൻഡേഴ്സിന് സഹായമെത്തിച്ച് മഞ്ജു വാര്യർ മാതൃകയായിരുന്നു. ഇപ്പോൾ മഞ്ജുവിന് പിന്നാലെ ട്രാൻസ്ജെൻഡേഴ്സിസിന് കൈത്താങ്ങാകുകയാണ് ജയസൂര്യ. ജയസൂര്യ നൽകിയ സഹായത്തെക്കുറിച്ച് മെയ്ക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ രെഞ്ചു രെഞ്ജിമാർ ആണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. വിഷുദിനത്തിനു എത്തിയ ജയസൂര്യയുടെ സഹായത്തെ കുറിച്ചാണ് രെഞ്ചു പറയുന്നത്.

രെഞ്ചുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജയേട്ടൻ,പരിചയപ്പെട്ട നാളു മുതൽ, വർഷങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ പറ്റില്ല. അന്നു മുതൽ ഇന്നുവരെ, എന്ത് ആവശ്യവും അറിഞ്ഞ് പെരുമാറുന്ന ഒരു മനുഷ്യ സ്നേഹി, ഇന്നലെ ലോക്ക്ഡൗൺ നീട്ടുകയാണ് എന്നറിഞ്ഞപ്പോൾ സരിത ചേച്ചിയും, ജയേട്ടനും മാറി മാറി വിളിച്ചു. എല്ലാവരുടേയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, ധ്വയയുടെ അക്കൗണ്ട് നമ്പർ ചോദിച്ചു, 50000 രൂപ ഇട്ടു തന്നു. ഇന്ന് അതിന് അരിയും മറ്റു സാധനങ്ങളും വാങ്ങി. രക്ഷാധികാരി ശീതൾ, പ്രസിഡന്റ് സൂര്യ, ട്രഷറർ അലീന, ജോയിന്റ് സെക്രട്ടറി തൃപ്തി, കാവ്യ, ഹരണി, ഇഷാൻ, അനു എല്ലാവരും ചേർന്ന് കിറ്റുകൾ തയ്യാറാക്കി. കുട്ടികൾക്ക് കൊടുക്കാൻ കഴിഞ്ഞു. നാളെ വിഷുവല്ലേ, ആഘോഷങ്ങൾ ഇല്ലെങ്കിലും, സന്തോഷവും സമാധാനവും ഉണ്ടാവട്ടെ!