“ആ പാട്ട് കേട്ട് ഞാന്‍ അറിയാതെ എണീറ്റിരുന്നു…”; കുരുന്ന് ഗായികയുടെ അതിഗംഭീര ആലാപനത്തെ പ്രശംസിച്ച് ജി വേണുഗോപാല്‍

May 7, 2020

സോഷ്യല്‍ മീഡിയ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. കലാകാരന്മാര്‍ക്കും ഇക്കാലത്ത് നിരവധി അവസരങ്ങള്‍ ഒരുക്കുന്നുണ്ട് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്ക് വഹിക്കുന്നു. അപ്രതീക്ഷിതമായി കണ്ട ഒരു കുരുന്ന് ഗായികയുടെ ആലാപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകന്‍ ജി വേണുഗോപാല്‍. സനിഗ സന്തോഷ് എന്ന കൊച്ചുഗായികയാണ് അതിമനോഹരമായ ആലാപനംകൊണ്ട് പാട്ടുഹൃദയങ്ങള്‍ കവര്‍ന്നത്. തിരുവില്വാമല സ്വദേശിയാണ് സനിഗ.

മലര്‍ക്കൊടി പോലെ വര്‍ണത്തൊടി പോലെ… എന്നു തുടങ്ങുന്ന ഗാനം പാടിയ സനിഗ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 1977-ല്‍ റിലീസ് ചെയ്ത വിഷുക്കണി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എസ് ജാനകിയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ജി വേണുഗോപാലിന്റെ കുറിപ്പ്

കട്ടിലില്‍ കിടന്ന് ദുബൈയിലെ സുഹൃത്ത് രൂപേഷ് അയച്ച് തന്ന ട്രോളുകള്‍ ഓരോന്നായി കാണുന്നതിനിടയില്‍ ഈ പാട്ടിന്റെ തുടക്കം എന്റെ കാതുകളെ കൂര്‍പ്പിച്ചു. ഞാനറിയാതെ എണീറ്റിരുന്നു. ഇരുത്തംവന്ന ഗായകര്‍ പോലും എടുത്ത് പൊക്കാന്‍ മടിക്കുന്ന പാട്ട്. അത് ലളിതമായി ഒഴുകുന്നു ആ ഇളം കണ്ഠത്തിലൂടെ. കഠിനമായ സംഗതികള്‍ മുഴുവന്‍ സ്വന്തം തൊണ്ടയ്ക്കുതകുന്നതാക്കാനുള്ള നൈസര്‍ഗ്ഗികതയും.

‘നിറ സന്ധ്യയായ് ഞാനാരോമലേ …
വിടര്‍ന്നെന്നില്‍ നീയൊരു പൊന്‍ താരമായ്’….
മേലാകെ കുളിരു പെയ്യുന്നു. സംഗതികളുടെ കൃത്യതയല്ല. ശ്രുതിയും, ലയവും, ശബ്ദ സൗന്ദര്യവും കൊണ്ടവള്‍ ആ പാട്ടവളുടേതാക്കി മാറ്റിയിരിക്കുന്നു. She sings beyond the song! കേട്ടാലറിയാം അത് പഠിച്ചുണ്ടാക്കിയ പാട്ടല്ല. അതവളുടെ ഉള്ളിന്റെയുള്ളില്‍ നിന്നാണ്. പ്രാര്‍ത്ഥനകള്‍

Story Highlights: G Venugopal shares little girl singing video viral