‘ഒരു കഥ സൊല്ലട്ടുമാ’യെന്ന് കമൽ ഹാസൻ, ചിരിയോടെ വിജയ് സേതുപതി- കമൽ ഹാസനെ അഭിമുഖം ചെയ്‌ത്‌ മക്കൾ സെൽവൻ- വീഡിയോ

May 3, 2020

ഒരുപാട് കാലം പ്രയത്നിച്ചാണ് നടൻ വിജയ് സേതുപതി തമിഴ് സിനിമാലോകത്തെ മക്കൾ സെൽവൻ ആയത്. സൂപ്പര്താരങ്ങൾക്കൊപ്പം ഇപ്പോഴും വില്ലൻ വേഷങ്ങളിലും സ്വഭാവനടനായുമെല്ലാം വിജയ് സേതുപതി ഒരു മടിയുമില്ലാതെ എത്താറുണ്ട്. ഇപ്പോൾ കമൽ ഹാസനെ അഭിമുഖം ചെയ്യുകയാണ് വിജയ് സേതുപതി.

ഒരു കഥ സൊല്ലട്ടുമാ എന്ന വിജയ് സേതുപതിയുടെ ഹിറ്റ് ഡയലോഗുമായാണ് കമൽഹാസൻ വിജയ് സേതുപതിയെ അഭിസംബോധന ചെയ്യുന്നത്. സിനിമയെ ഒരു വില്പനച്ചരക്കായി മാത്രം കാണുന്നില്ല എന്നതാണ് വിജയ് സേതുപതിയുടെ പ്രത്യേകതയായി കമൽഹാസൻ പറയുന്നത്. തിരക്കഥയ്ക്ക് പിന്നാലെ പോകുന്നതിനാൽ നിന്നെ തേടി വിജയം വരുമെന്നും കമൽ ഹാസൻ പറയുന്നു.

മലയാള സിനിമയും സംവിധായകൻ കെ ബാലചന്ദറുമാണ് തന്നെ സിനിമ താരമാക്കിയതെന്ന് കമൽ ഹാസൻ വിജയ് സേതുപതിയോട് പറഞ്ഞു. തമിഴ്‌നാട്ടിലെ പ്രേക്ഷകരെ അപേക്ഷിച്ച് മലയാളത്തിലെ പ്രേക്ഷകർ താരങ്ങൾ കഥാപാത്രങ്ങളിൽ പരീക്ഷണം ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരാണ്. തമിഴ് പ്രേക്ഷകർ അഭിനേതാക്കൾ ഒരു പ്രത്യേക വേഷത്തിൽ ഒതുങ്ങുന്നത് കണ്ട് ശീലിച്ചവരാണ്. എന്നാൽ വിജയ് സേതുപതി ഇതിനു വിപരീതമാണെന്നും കമൽ ഹാസൻ പറയുന്നു.