ഒറ്റ ടേക്കിൽ ഓക്കെയായ റിമ കല്ലിങ്കലിനെ ശല്യം ചെയ്യുന്ന മദ്യപാനിയുടെ വേഷം- അഭിനയ വിശേഷം പങ്കുവെച്ച് അനൂപ് സത്യൻ

June 25, 2020

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് എത്തുന്നത്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ. കല്യാണി പ്രിയദർശൻ എന്നിവർ അഭിയനയിച്ച ചിത്രം മികച്ച അഭിപ്രായവും നേടി. എന്നാൽ സംവിധായകനാകും മുൻപ് സിനിമയുടെ പല മേഖലയിലും അനൂപ് സത്യൻ കയ്യൊപ്പ് പതിപ്പിച്ചിരുന്നു.

ക്ലാപ്പ്ബോയിയായും, അഭിനേതാവായും അനൂപ് വേഷമിട്ട ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘ഏഴു സുന്ദര രാത്രികൾ’. ചിത്രത്തിൽ ഒരു രംഗത്തിൽ അഭിനയിച്ച വിശേഷം പങ്കുവയ്ക്കുകയാണ് അനൂപ്.

2013ൽ ലാൽ ജോസ് സാറിന്റെ ‘ ഏഴു സുന്ദര രാത്രികൾ’ എന്ന ചിത്രത്തിൽ ക്ലാപ് ബോയ് ആയി പ്രവർത്തിച്ചിരുന്നു. ഒരു സംവിധായകന്റെ മകനായിട്ടു കൂടി ഞാൻ നേരിട്ട് കാണുന്ന മൂന്നാമത്തെ സിനിമാ ചിത്രീകരണമായിരുന്നു അത്. ചെറുപ്പത്തിൽ പിൻഗാമി എന്ന ചിത്രത്തിലെ ക്‌ളൈമാക്‌സ് ഫൈറ്റ് സീൻ ചിത്രീകരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും മോഹൻലാൽ ഉണ്ടായിരുന്നതുകൊണ്ട് ഫിലിം മേക്കിങ് ശ്രദ്ധിച്ചതേയില്ല.

‘ഏഴു സുന്ദര രാത്രികളി’ൽ ക്ലാപ് ബോയ് ആയിട്ടു കൂടി എനിക്കത് കൃത്യമായി ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു സംവിധായകന്റെ മകനായിട്ടു കൂടി ഇയാൾക്കിതൊന്നും സാധിക്കുന്നില്ലല്ലോ എന്ന് ചില അണിയറപ്രവർത്തകർ പറയുന്നുമുണ്ടായിരുന്നു. എങ്കിലും ആദ്യ മൂന്നു ദിവസം ലാൽ ജോസ് സാർ ക്ഷമിച്ചു. എന്നാൽ പിന്നീട് തെറ്റ് വരുത്തിയപ്പോൾ എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി. അതെന്നെ വളരെയധികം സഹായിച്ചു. അങ്ങനെ ക്ലാപ്പ് ബോർഡിനെ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നീട് ഷോട്ട് ഡിവിഷനെക്കുറിച്ചും ക്യാമറ ലെൻസിനെക്കുറിച്ചും അഭിനേതാക്കളോട് ഇടപെടുന്നതിനെക്കുറിച്ചുമൊക്കെ സ്വയം ഞാൻ പഠിച്ചു. ഈ ടീമിൽ ചേർത്തതിന്, ലാൽ ജോസ് സാറിന് നന്ദി’.

Read More:നിങ്ങള്‍ കേട്ടിട്ടുണ്ടോ പൂച്ചകളുടെ രാജ്യത്തെക്കുറിച്ച്…? അങ്ങനേയും ഉണ്ട് ഒരു രാജ്യം

ഏഴു സുന്ദര രാത്രികളിൽ റിമ കല്ലിങ്കലിനൊപ്പം ചെയ്ത സീനും അനൂപ് സത്യൻ പങ്കുവയ്ക്കുന്നു; ‘ ഈ രംഗം ചെയ്യുന്നതിനിടയിൽ ജൂനിയർ ആർട്ടിസ്റ്റിനു ഭയം തുടങ്ങി. അപ്പോൾ തന്നെ ലാൽ സാർ എന്നോട് ആ രംഗം ചെയ്യാൻ ആവശ്യപ്പെടുകയും സാധിക്കില്ലെന്ന് പറയും മുൻപ് മദ്യപാനിയായി അഭിനയിക്കേണ്ടിയും വന്നു. ഒറ്റ ടേക്കിൽ ആ രംഗം ഓക്കേ ആയി. അന്ന് ക്ലാപ്പ് ബോയ്ക്കായി എല്ലാവരും കയ്യടിച്ചു’- അനൂപ് സത്യൻ പറയുന്നു.

Story highlights-anoop sathyan about acting