‘മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രതിഭാശാലിയായ കലാകാരനെയാണ്’- സച്ചിക്ക് ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി

June 19, 2020

നൊമ്പരത്തോടെയാണ് മലയാള സിനിമാ ലോകം സച്ചിയുടെ മരണവാർത്ത ഉൾക്കൊണ്ടത്. പ്രതിഭാശാലിയായ കലാകാരന്റെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലിയർപ്പിക്കുകയാണ് പ്രമുഖർ. സച്ചിയുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്;

‘സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ സച്ചിയുടെ അന്ത്യം. കഴിഞ്ഞ ദിവസം നടുവിന് രണ്ട് സർജറികൾ വേണ്ടി വന്നിരുന്നു. ആദ്യ സർജറി വിജയകരമായി പൂർത്തിയാക്കിയെങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്ന് തലച്ചോർ പ്രതികരിക്കുന്നില്ലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്.

2007ൽ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ പ്രവേശനം. ചോക്ലേറ്റിൽ സേതുവിനൊപ്പം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച സച്ചി 2012ൽ ഇറങ്ങിയ ‘റൺ ബേബി റൺ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രനായി. ‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു.

Story highlights-chief minister about sachi