14,000 കടന്ന് രാജ്യത്തെ കൊവിഡ് മരണങ്ങള്‍

June 23, 2020
new Covid cases

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊവിഡ് രോഗബാധ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 14,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 312 മരണങ്ങല്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 14,011 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 14,993 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,40,215 ആയി. 1,78,014 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. ഇതുവരെ 2,48,190 പേരാണ് രോഗത്തില്‍ നിന്നും മുക്തരായത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗ ബാധിതരുള്ളത്. 1,35,796 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 6283 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2233 പേര്‍ ഡല്‍ഹിയിലും കൊവിഡ് മൂലം മരണപ്പെട്ടു. 1684 പേരാണ് ഗുജറാത്തില്‍ മരണപ്പെട്ടത്.

Story highlights: Covid 19 Corona Virus In India Latest Updates Today