‘ആദ്യത്തെ ട്രോള്‍ ഭര്‍ത്താവിന്റെ വക’; ഓണ്‍ലൈന്‍ ക്ലാസിലെ വിശേഷങ്ങളുമായി മലയാളികള്‍ക്ക് പ്രിയപ്പെട്ട സായി ശ്വേത ടീച്ചര്‍: വീഡിയോ

June 2, 2020
Online class teacher sai swetha special interview

ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സംസ്ഥാനത്ത് അധ്യയന വര്‍ഷത്തിന് ആരംഭം കുറിച്ചപ്പോള്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയ അധ്യാപികയാണ് സായി ശ്വേത. കേരളം മുഴുവന്‍ ഹാജരായി ഈ ടീച്ചറിന്റെ ക്ലാസില്‍ എന്നതാണ് ശ്രദ്ധേയം. ‘എന്റെ തങ്കു പൂച്ചേ.. മിട്ടു പൂച്ചേ.. ഇനി സ്‌നേഹത്തോടെ എല്ലാവരും വിളിച്ചേ തങ്കു പൂച്ചേ….’ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികളോടാണ് ടീച്ചര്‍ പറഞ്ഞതെങ്കിലും ഏറ്റെടുത്തത് മലയാളികള്‍ ഒന്നടങ്കമാണ്. അത്ര മനോഹരമായിരുന്നു സായി ശ്വേത ടീച്ചറിന്റെ ക്ലാസ്. ഓണ്‍ലൈന്‍ ക്ലാസിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അധ്യാപിക ട്വന്റിഫോര്‍ ന്യൂസിലെ മോണിങ് ഷോയില്‍.

ആദ്യം നല്ല ട്രോളുകളിലൂടെയാണ് സായി ടീച്ചര്‍ സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞുനിന്നതെങ്കിലും പിന്നീട് ചില മോശം ട്രോളകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്തിനേറെ പറയുന്നു അധ്യാപികയുടെ പേരില്‍ ഫേക്ക് അക്കൗണ്ടുകള്‍ വരെ തുടങ്ങി. എന്നാല്‍ ഈ ട്രോളുകളിലൊന്നും തളരാതെ തന്നെക്കൊണ്ട് സാധിക്കുന്ന തരത്തില്‍ കുരുന്നുകള്‍ക്കായി ഇനിയും ക്ലാസെടുക്കുമെന്ന് സായി ശ്വേത ടീച്ചര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസെടുക്കുമെന്ന് പറഞ്ഞപ്പോള്‍ രസകരമായ രീതിയില്‍ ആദ്യം ട്രോളിയത് സായി ശ്വേത ടീച്ചറിന്റെ ഭര്‍ത്താവ് ദിലീപ് ആണ്. കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കുന്ന ടീച്ചര്‍ എന്ന തരത്തിലായിരുന്നു ഭര്‍ത്താവിന്റെ ട്രോള്‍. ക്ലാസ് മനോഹരമായപ്പോള്‍ പിന്നീട് മറ്റു ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു.

കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ സ്വദേശിനിയാണ് സായി ശ്വേത. അധ്യാപനം ഒരുപാട് ഇഷ്ടത്തോടെ തെരഞ്ഞടുത്ത ജോലിയും. രണ്ട് വര്‍ഷമായി അധ്യാപനം തുടങ്ങിയിട്ട്. ഓണ്‍ലൈന്‍ ക്ലാസിലൂടെ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് ഈ അധ്യാപിക.

Story highlights: Online class teacher sai swetha special interview