യുദ്ധവും ലഫ്റ്റനന്റ് റാമിന്റെ പ്രണയവും- ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം വരുന്നു

July 29, 2020

ദുൽഖർ സൽമാന് ഈ ജന്മദിനം വളരെ സ്പെഷ്യലാണ്. ‘മഹാനടി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത തെലുങ്ക് ചിത്രം പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കൺസെപ്റ്റ് പോസ്റ്ററിലൂടെയാണ് സിനിമയുടെ പ്രമേയം പങ്കുവെച്ചിരിക്കുന്നത്.

1964ൽ കൊടുമ്പിരികൊണ്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മൊട്ടിട്ട ഒരു പ്രണയമാണ് ചിത്രം പറയുന്നത്. ഒരേസമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ‘മഹാനടി’ക്ക് ശേഷം വീണ്ടും വൈജയന്തി മൂവീസ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാനുമായി ഒന്നിക്കുകയാണ്.

സ്വപ്ന സിനിമാസിന്റെ ബാനറിൽ പ്രിയങ്ക ദത്ത് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഹന്നു രാഘവപുടിയാണ്. ‘മഹാനടി’ എന്ന ചിത്രത്തിൽ കീർത്തി സുരേഷിന്റെ നായകനായി അഭിനയിച്ച ദുൽഖർ തെലുങ്ക് സിനിമാലോകത്ത് തരംഗം സൃഷ്ടിച്ചിരുന്നു. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Read More: സുഹൃത്തുക്കൾ കാരണം കല്ലേറ് കിട്ടാതെ രക്ഷപ്പെട്ട ‘ഗായകൻ’- കോളേജ് ഓർമ്മകൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

അതേസമയം, ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്കിന് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇത്തവണ ദുൽഖർ സൽമാന്റെ ജന്മദിനം ഡിജിറ്റലായാണ് ആരാധകർ ആഘോഷിച്ചത്.

Story highlights-dulquer as soldier in telugu movie