സുശാന്ത് സിംഗിന്റെ അവസാന ചിത്രം ഇന്ന് പ്രദർശനത്തിനെത്തും- ‘ദിൽ ബേചാര’യ്ക്കായി പ്രതീക്ഷയോടെ ആരാധകർ

July 24, 2020

ബോളിവുഡ് സിനിമാലോകത്ത് വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് സുശാന്ത് സിംഗ് യാത്രയായത്. ജൂൺ പതിനാലിന് മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ഒരുമാസം പിന്നിടുമ്പോൾ അദ്ദേഹം അഭിനയിച്ച അവസാന ചിത്രം റിലീസിനൊരുങ്ങുകയാണ്.

സുശാന്ത് അവസാനമായി അഭിനയിച്ച ‘ദിൽ ബേചാര’ ഇന്ന് ഓൺലൈനായി റിലീസ് ചെയ്യും. ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗിനുള്ള ആദരവായി ‘ദിൽ ബേചാര’ സൗജന്യമായാണ് പ്രദർശിപ്പിക്കുന്നത്. ഹോട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്തവർക്കും അല്ലാത്തവർക്കും ചിത്രം സൗജന്യമായി കാണാൻ സാധിക്കും.

‘ദ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ‘ദിൽ ബേചാര’. സഞ്ജന സാൻഗിയാണ് ചിത്രത്തിൽ സുശാന്തിന്റെ നായികയായി എത്തുന്നത്.

ജോൺ ഗ്രീൻ എഴുതിയ ‘ഫോൾട്ട് ഇൻ ഔർ സ്റ്റാർസ്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട ചിത്രമാണ് ‘ദിൽ ബേചാര’. മുകേഷ് ചബ്രാ സംവിധാനം ചെയ്യുന്ന ‘ദിൽ ബേചാര’ യിൽ സംഗീതമൊരുക്കിയിരിക്കുന്നത് എ ആർ റഹ്‌മാനാണ്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മേയിലായിരുന്നു ‘ദിൽ ബേചാര’ റിലീസ് ചെയ്യാനിരുന്നത്.

പിന്നീട് കൊവിഡ് മൂലം റിലീസ് മാറ്റി. സുശാന്തിന്റെ മരണത്തോടെ ചിത്രം ഓൺലൈനിൽ പ്രദർശിപ്പിക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു.

ടെലിവിഷൻ സീരിയലുകളിലൂടെ തുടക്കം കുറിച്ച സുശാന്ത് ‘കായി പോ ചെ’ എന്ന സിനിമയിലൂടെ 2013ലാണ് ബോളിവുഡ് സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും സുശാന്തിന്‌ ലഭിച്ചു.

Read More: സുശാന്ത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി സച്ചിൻ തിവാരി

2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ‘എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ ധോണിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് സുശാന്ത് ശ്രദ്ധേയനായത്.

Story highlights-sushant singh’s dil bechara releases today