കൊവിഡ് 19 സ്ഥിരീകരിക്കാന്‍ ഉപയോഗിക്കുന്ന ടെസ്റ്റുകള്‍ ഇവയൊക്കെ

July 23, 2020
WHO about New Covid Variant in UK

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നമ്മുടെ സമൂഹം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറേണ വൈറസിന്റെ വ്യാപനം. കൊവിഡ് 19 രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗം തിരിച്ചറിയാന്‍ പ്രധാനമായും ഉപയോഗിക്കുന്ന ടെസ്റ്റുകളെക്കുറിച്ച് പരിചയപ്പെടാം.

1– ആന്റിജന്‍ ടെസ്റ്റ്- പരിശോധനയ്ക്ക് എത്തുന്ന ആളുടെ തൊണ്ടയില്‍ നിന്നും അല്ലെങ്കില്‍ മൂക്കില്‍ നിന്നും സ്രവമെടുത്താണ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്. കൊറോണ വൈറസിന്റെ പുറമെയുള്ള ഭാഗം പ്രോട്ടീന്‍ നിര്‍മിതമാണ്. ഈ പ്രോട്ടീന്‍ ഘടകമാണ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ അരമണിക്കൂര്‍ കൊണ്ട് ഫലം അറിയാം.

2- ആന്റിബോഡി ടെസ്റ്റ്- രക്ത പരിശോധനയാണ് ഇത്. പരിശോധനയ്ക്ക് എത്തുന്ന ആളുടെ സിരകളില്‍ നിന്നും അഞ്ച് മില്ലിലിറ്റര്‍ രക്തമാണ് എടുക്കുന്നത്. ഇരുപത് മിനിറ്റിനുള്ളില്‍ ഫലം അറിയാന്‍ സാധിക്കുന്നു. കൊറോണ വൈറസ് വ്യാപനം ഉണ്ടെങ്കില്‍ ഫലം പോസിറ്റീവ് ആയിരിക്കും. അതേസമയം രോഗികളില്‍ രണ്ട് തരം ആന്‍രിബോഡികളാണ് ഉണ്ടാകുന്നത്. ഐ.ജി.ജി.യും ഐ.ജി.എമ്മും. ഐ.ജി.എം പോസിറ്റീവ് ആണെങ്കില്‍ രോഗവ്യാപന ശേഷി ഉണ്ടാകാം. ഐ.ജി.ജി പോസിറ്റീവായാല്‍ രോഗവ്യാപന ശേഷി ഉണ്ടായിരിക്കില്ല. ആന്റിബോഡി ടെസ്റ്റ് ഫലം പോസിറ്റീവാകുന്നവരെ ആര്‍.ടി-പി.സി.ആര്‍. ടെസ്റ്റിനും വിധേയമാക്കും.

3- ആര്‍.ടി-പി.സി.ആര്‍. ടെസ്റ്റ്– പരിശോധനയ്ക്ക് എത്തുന്ന ആളുടെ മൂക്കില്‍ നിന്നോ അല്ലെങ്കില്‍ വായില്‍ നിന്നോ സ്രവം എടുത്താണ് ഈ പരിശോധന നടത്തുന്നത്. അംഗീകൃത ലാബുകളിലായിരിക്കും പരിശോധന. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയമെടുക്കും ഫലം ലഭിക്കാന്‍.

4-ട്രുനാറ്റ് ടെസ്റ്റും ജീന്‍ എക്‌സ്‌പെര്‍ട് ടെസ്റ്റും– ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റിന്റെ രണ്ട് വകഭേദങ്ങളാണ് ട്രുനാറ്റ് ടെസ്റ്റും ജീന്‍ എക്‌സ്‌പെര്‍ട് ടെസ്റ്റും. ഒരു സമയത്ത് മൂന്ന്- നാല് സാമ്പിളുകള്‍ മാത്രമേ ടെസ്റ്റിന് വിധേയമാക്കാന്‍ സാധിക്കൂ. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സമയം എടുക്കും ഫലം അറിയാന്‍. അടിയന്തര ഘട്ടങ്ങളിലാണ് ട്രുനാറ്റ് ടെസ്റ്റും ജീന്‍ എക്‌സ്‌പെര്‍ട് ടെസ്റ്റും നടത്തുന്നത്.

Story highlights: These are the tests used to confirm Covid 19