കൈവിടരുത് ജാഗ്രത; ഇന്നുമുതല്‍ അണ്‍ലോക്ക് 2

July 1, 2020
Lock Down

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും. വിവിധ ഘട്ടങ്ങളായാണ് ലോക്ക് പിന്‍വലിക്കുന്നത്. ഇതുപ്രാകാരം ഇന്നു മുതല്‍ രാജ്യത്ത് അണ്‍ലോക്ക് രണ്ടാം ഘട്ടമാണ്. സാമ്പത്തിക മേഖല പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍തൂക്കം നല്‍കുന്നത്.

അതേസമയം രണ്ടാം ഘട്ട അണ്‍ലോക്കുമായി ബന്ധപ്പെട്ട ഇളവുകളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും വ്യക്തത വരുത്തി സംസ്ഥാനം. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അംഗീരിച്ചുകൊണ്ടാണ് കേരളം ഉത്തരവ് ഇറക്കിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന യാത്രയ്ക്ക് പാസോ പെര്‍മിറ്റോ ഏര്‍പ്പെടുത്തരുത് എന്ന കേന്ദ്ര നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ട് സംസ്ഥാനം. എങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ തുടര്‍ന്നും ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

Read more: ജനിച്ചയുടൻ പാറക്കെട്ടിൽ നിന്നും താഴേക്ക് ചാടി വാത്ത കുഞ്ഞുങ്ങൾ; സാഹസീക വീഡിയോ

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജൂലൈ 31 വരെ കര്‍ശന ലോക്ക് ഡൗണ്‍ തുടരും. ഈ പ്രദേശങ്ങളില്‍ രോഗവ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. കൂടാതെ സ്‌കൂള്‍, കോളജ്, വിദ്യാഭ്യാസ- പരിശീലന കേന്ദ്രങ്ങള്‍ രണ്ടാം ഘട്ട അണ്‍ലോക്കില്‍ തുറക്കില്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്ര, മെട്രോ റെയില്‍, സിനിമാ തിയേറ്റര്‍, ജിം, പാര്‍ക്ക്, നീന്തല്‍ക്കുളം, ബാര്‍, ഓഡിറ്റോറിയം എന്നിവയും പ്രവര്‍ത്തിക്കില്ല. മാത്രമല്ല മത, രാഷ്ട്രീയ, കലാ, കായിക -വിനോദ സമ്മേളനങ്ങള്‍, വലിയ കൂടിച്ചേരലുകള്‍ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങള്‍ തുടരും.

രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യു തുടരും. ആരോഗ്യപരമായ കാരണങ്ങള്‍ക്കും അത്യാവശ്യങ്ങള്‍ക്കുമല്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാത്രകള്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ രോഗ വ്യാപനം കൂടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും.

Story highlight: Unlock 2 guidelines in Kerala