പായസവും പാട്ടും പട്ടുപാവാടയും; ഓണചേലിൽ അനുസിത്താര- വീഡിയോ

August 31, 2020

വിഷുവും, പെരുന്നാളും, ക്രിസ്‌മസുമെല്ലാം ഒരുപോലെ ആഘോഷമാക്കാറുള്ള താരമാണ് അനുസിത്താര. യൂട്യൂബ് ചാനൽ തുടങ്ങിയതോടെ വിശേഷങ്ങളെല്ലാം വീഡിയോകളിലൂടെയും നടി പങ്കുവയ്ക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഓണവും അനുസിത്താര പാട്ടും, നൃത്തവും, സദ്യവട്ടവുമൊക്കെയായി ആഘോഷമാക്കിയിരിക്കുകയാണ്. അനുസിത്താരയുടെ സഹോദരി അനുസോനരയുടെ പാട്ടിന് ചുവടുവെച്ച് തിരുവാതിര ചേലോടെ ഓണമാഘോഷിക്കുയാണ് അനുസിത്താര.

സഹോദരിക്കൊപ്പം അനുസിത്താരയുടെ കുടുംബവും, ഭർത്താവ് വിഷ്ണു പ്രസാദിന്റെ കുടുംബവും വീഡിയോയിലുണ്ട്. പായസവും, ഓണസദ്യ ഒരുക്കുന്നതുമെല്ലാം വീഡിയോയിലൂടെ അനുസിത്താര പങ്കുവയ്ക്കുന്നു. പൊതുവെ, ചുരിദാറിലും സാരിയിലും മാത്രം കാണാറുള്ള അനുസിത്താര തിരുവോണ ദിനത്തിൽ പാട്ടുപാവാട ചേലിലാണ് എത്തുന്നത്.

ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളിൽ നിന്നും മാറിനിന്നപ്പോഴാണ് അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ മുതൽ തന്നെ ആരാധകർ മികച്ച പിന്തുണയാണ് നടിക്ക് നൽകിയത്. വയനാട്ടിലെ അറിയപ്പെടാത്ത ഒട്ടേറെ കലാകാരന്മാരെ അനുസിത്താര തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി.

വീട്ടുവിശേഷങ്ങളും പാചക വിശേഷങ്ങളും പാട്ടുകളുമൊക്കെയായി വേറിട്ടൊരു അനുഭവം തന്നെ അനുസിത്താര യൂട്യൂബ് ചാനലിലൂടെ സമ്മാനിക്കുന്നുണ്ട്. അടുത്തിടെ അനുസിത്താര തന്റെ അടുക്കള തോട്ടവും കൃഷികളും പരിചയപ്പെടുത്തിയത് ശ്രദ്ധ നേടിയിരുന്നു.

ഓറഞ്ചും സപ്പോട്ടയും മൾബറിയും വിവിധയിനം ചെടികളും ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും, പച്ചക്കറികളുമെല്ലാം അനുസിത്താരയുടെ കൃഷിയിടത്തിലുണ്ട്. അതേസമയം, അനുസിത്താര വേഷമിട്ട മണിയറയിലെ അശോകൻ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. അതിഥി വേഷത്തിലാണ് അനുസിത്താര ചിത്രത്തിൽ എത്തുന്നത്.

Story highlights- anusithara’s onam vlog