നാളുകള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍ മടങ്ങിയെത്തുന്ന ചിത്രത്തില്‍ പാടി കൈലാഷ് ഖേര്‍; ഗാനം ശ്രദ്ധേയമാകുന്നു

August 21, 2020
Kabeerinte Divasangal Kailash Kher Song

മലയാള സിനിമയ്ക്ക് പകരംവയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാര്‍. നര്‍മ്മവും സങ്കടവുമെല്ലാം നന്നായി വഴങ്ങും അദ്ദേഹത്തിന്. അത്രമേല്‍ തീവ്രമാണ് ജഗതീ ശ്രീകുമാറിന്റെ അഭിനയമൊക്കെയും. എന്നാല്‍ ഒരു അപകടം കവര്‍ന്നെടുത്ത അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.

നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ശരത് ചന്ദ്രന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് കബീറിന്റെ ദിവസങ്ങള്‍. ഒരു ഫീച്ചര്‍ ഫിലിമാണ് ഇത്. ചിത്രത്തിലെ മനോഹരമായ ഒരു ഖവാലി ഗാനം പുറത്തെത്തി. ചിത്രത്തിലെ ഖ്വാജ ജി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്.

കൈലാഷ് ഖേര്‍ ആണ് ഗാനത്തിന്റെ ആലാപനം. അനിത ഷെയ്ഖ് സംഗീതം പകര്‍ന്നിരിക്കുന്നു. ഷക്കീല്‍ അസ്മിയുടേതാണ് ഗാനത്തിലെ വരികള്‍. ബോളിവുഡില്‍ നിന്നുള്ള കലാകാരന്മാരാണ് ഗാനരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. മേജര്‍ രവി, മുരളി ചന്ദ്, സുധീര്‍ കരമന, ഭരത്, താര കല്യാണ്‍, നോബി, ഹരി കൃഷ്ണന്‍, കോട്ടയം പ്രദീപ്, സോന നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

Story Highlights: Kabeerinte Divasangal Kailash Kher Song