ആദ്യ സിനിമയുടെ അനുഭവങ്ങളും യേശുദാസിന്റെ പ്രവചനവും- ”filmy FRIDAYS!” ന്റെ അവസാന എപ്പിസോഡിൽ ഒട്ടേറെ വിശേഷങ്ങളുമായി ബാലചന്ദ്ര മേനോൻ

August 16, 2020

സിനിമാപ്രേമികൾക്ക് കോടമ്പാക്കം വിശേഷങ്ങളിലൂടെ അനുഭവങ്ങൾ പങ്കുവെച്ച  ബാലചന്ദ്ര മേനോന്റെ ”filmy FRIDAYS!” ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുയാണ്.  ”filmy FRIDAYS!”ന്റെ രണ്ടു സീസണുകളിലായി മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ തന്നെ പുതുതലമുറയിലേക്ക് ബാലചന്ദ്ര മേനോൻ പകർന്നു തന്നു. അവസാന എപ്പിസോഡിൽ ഒട്ടേറെ വിശേഷങ്ങളാണ് അദ്ദേഹത്തിന് പങ്കുവയ്ക്കാനുള്ളത്.

കോടമ്പാക്കത്ത് പത്രപ്രവർത്തകനായി എത്തിയ ബാലചന്ദ്ര മേനോൻ തന്റെ ആദ്യ ചിത്രമായ ഉത്രാട രാത്രിയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഒട്ടേറെ തടസങ്ങളും സാഹചര്യങ്ങളും മറികടന്ന് ബാലചന്ദ്ര മേനോൻ സ്വപ്ന സാക്ഷാത്‍കാരത്തിലേക്ക് അടുത്തപ്പോഴാണ് പൂജ ദിവസം ഒരു പ്രതിസന്ധി നേരിടേണ്ടി വന്നത്. അന്നും ഇന്നും സിനിമയിൽ പൂജ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആശയക്കുഴപ്പത്തിൽ നിൽക്കുന്ന ഇരുപത്തൊന്നുകാരനെ അന്ന് സഹായിച്ചത് ഗായകൻ യേശുദാസ് ആണ്.

ആദ്യ ചിത്രത്തിലാരംഭിച്ച യാത്ര നാല്പത്തിരണ്ട്‌ വർഷങ്ങൾക്കിപ്പുറം 37 ചിത്രങ്ങളുടെ സംവിധായകനായി നിലനിൽക്കുകയാണ് ബാലചന്ദ്ര മേനോൻ. എന്നും കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച അദ്ദേഹം, സിനിമ ഏതൊക്കെ രീതിയിൽ പ്രേക്ഷകരെ സ്വാധീനിക്കുമെന്നും ഈ എപ്പിസോഡിൽ പങ്കുവയ്ക്കുന്നു.

”filmy FRIDAYS!”ന്റെ രണ്ടാമത്തെ സീസൺ അവസാനിക്കുമമ്പോൾ, മൂന്നാമത്തെ സീസണുമായി എത്തുമെന്ന ഉറപ്പും ബാലചന്ദ്ര മേനോൻ നൽകുന്നു. സിനിമയിൽ ഈ നാല്പത്തിരണ്ട്‌ വർഷം ലഭിച്ച നല്ലതും ചീത്തയുമായ ഒട്ടേറെ അനുഭവങ്ങളാണ് മൂന്നാമത്തെ സീസണിൽ പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

Story highlights- last episode of Filmy Fridays