‘വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം..അപ്പനേം കൂട്ടിക്കോ’- ടൊവിനോയ്ക്ക് രസകരമായ മറുപടിയുമായി പൃഥ്വിരാജ്

August 24, 2020

ശരീരം ഫിറ്റായി കാത്തുസൂക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന രണ്ടു താരങ്ങളാണ പൃഥ്വിരാജും ടോവിനോ തോമസും. ആടുജീവിതത്തിനായി നടത്തിയ മേക്കോവറിൽ നിന്നും പുത്തൻ ലുക്കിലേക്ക് ചേക്കേറുകയാണ് പൃഥ്വിരാജ് ഇപ്പോൾ. വർക്ക്ഔട്ട് ചിത്രങ്ങളും ശാരീരിക മാറ്റങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന പൃഥ്വിരാജ് ഇപ്പോൾ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ്. വളരെ വേഗത്തിൽ ശ്രദ്ധ നേടിയ ചിത്രത്തിന് ആരാധകർക്കൊപ്പം താരങ്ങളും കമന്റുമായി എത്തി.

പൃഥ്വിരാജിന്റെ ചിത്രത്തിന് ടൊവിനോ നൽകിയ കമന്റും അതിന് പൃഥ്വിരാജിന്റെ മറുപടിയുമാണ് ശ്രദ്ധേയം. വർക്ക്ഔട്ടിൽ വിട്ടുവീഴ്ച ചെയ്യാത്ത ടൊവിനോ തോമസ് ‘അമ്പോ, പൊളി!’ എന്നാണ് പൃഥ്വിരാജ് ചിത്രത്തിന് കമന്റ് ചെയ്തത്. വൈകാതെ തന്നെ വളരെ രസകരമായൊരു മറുപടിയുമായി പൃഥ്വിരാജും എത്തി. ‘ വരൂ, നമുക്ക് ഒരുമിച്ച് ജിമ്മാം..അപ്പനേം കൂട്ടിക്കോ’ എന്നാണ് പൃഥ്വിയുടെ മറുപടി.

കഴിഞ്ഞ ദിവസം ടൊവിനോ തോമസ് അച്ഛനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചത് ശ്രദ്ധ നേടിയിരുന്നു. ടൊവിനോക്കൊപ്പം വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന അച്ഛന്റെ ചിത്രം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. അപ്പൻ ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും ഇടതുനെഞ്ചിലെ എക്സ്ട്രാ മസിൽ പേസ് മേക്കറാണെന്നും ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചിരുന്നു. ഈ ചിത്രവും ആരാധകർക്കൊപ്പം അഭിനേതാക്കളും ഏറ്റെടുത്തിരുന്നു. എന്തായാലും പൃഥ്വിരാജിന്റെ മറുപടി ശ്രദ്ധേയമാകുകയാണ്.

Story highlights- prithviraj replied to tovino thomas comment