അജയനായി ‘മണിയറയിലെ അശോകനില്‍’ സണ്ണി വെയ്ന്‍

August 20, 2020
Sunny Wayne as Ajayan in Maniyarayile Ashokan

പാട്ടുകള്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിയറയിലെ അശോകന്‍. മലയാളികളുടെ പ്രിയതാരം സണ്ണി വെയ്‌നും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നു. കഴിഞ്ഞ ദിവസം സണ്ണി വെയ്‌ന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തി.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍. ദുല്‍ഖര്‍ സല്‍മാനാണ് സണ്ണി വെയ്‌ന്റെ കാരക്ടര്‍ പോസ്റ്ററും ആരാധകര്‍ക്കായി പങ്കുവെച്ചതും. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ റിലീസ്. ‘ഇതൊരു സസ്‌പെന്‍സ് ആക്കി വയ്ക്കാനാണ് ഞങ്ങള്‍ ആദ്യം തീരുമാനിച്ചത്. പക്ഷേ പിറന്നാള്‍ ദിനത്തില്‍ സണ്ണിച്ചനും ആരാധകര്‍ക്കുമായി ഈ പോസ്റ്റര്‍ പുറത്തു വിടുകയാണ്’ എന്നു കുറിച്ചു കൊണ്ടാണ് കാരക്ടര്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചത്. അജയന്‍ എന്ന കഥാപാത്രത്തെയാണ് മണിയറയിലെ അശോകനില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ അനുപമ പരമേശ്വരന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മനോഹരമായ അഭിനയംകൊണ്ട് വെണ്ണിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് സണ്ണി വെയ്ന്‍. പിറന്നാള്‍ നിറവിലാണ് താരം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലെ ‘കുരുടി’ എന്ന കഥാപാത്രത്തിലൂടെതന്നെ താരം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി.

Story highlights: Sunny Wayne as Ajayan in Maniyarayile Ashokan

We wanted to keep this a suspense ! But being Sunny's bday figured it makes for a lovely gift for him and all of his…

Posted by Dulquer Salmaan on Wednesday, 19 August 2020