‘എന്റെ പൊന്നോ നമിച്ചു, ഇതിന്റെ പകുതി സ്പിരിറ്റെങ്കിലും എനിക്കുണ്ടായിരുന്നെങ്കിൽ’- അമല പോളിനെയും അമ്പരപ്പിച്ച സോഷ്യൽ മീഡിയ താരം

September 11, 2020

കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ശർവാനി എന്ന പെൺകുട്ടി. ഇൻസ്റ്റാഗ്രാമിൽ പതിവായി ലൈവിൽ വരുന്ന ശർവാനി വിമർശകർക്ക് നൽകുന്ന മറുപടിയിലൂടെയാണ് ശ്രദ്ധ നേടിയത്. എത്ര മോശം കമന്റാണെങ്കിലും വളരെ സംയമനത്തോടെ രസകരമായ രീതിയിലാണ് ശർവാനി പ്രതികരിക്കാറുള്ളത്. മോശം കമന്റുകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാറുള്ള നടി അമല പോളിനെയും അമ്പരപ്പിച്ചിരിക്കുകയാണ് ശർവാനി തന്റെ വീഡിയോകളിലൂടെ.

ശർവാനിയുടെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് അമല പോൾ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. ‘എന്റെ പൊന്നോ, നമിച്ചു. പൊളി മോൾ. ഇതിന്റെ പകുതി സ്പിരിറ്റെങ്കിലും എനിക്കുണ്ടായിരുന്നെങ്കിൽ’ എന്നാണ് അമല പോൾ കുറിക്കുന്നത്. മോശം കമന്റ്റ് ചെയ്തയാൾക്ക് വളരെ ഹാസ്യാത്മകമായ മറുപടിയാണ് ശർവാനി നൽകുന്നത്. കമന്റ്റ് ചെയ്തയാൾ പോലും ചിരിച്ചുപോകുന്ന മറുപടിയാണ് ശർവാനിയുടെ പ്രത്യേകത. ‘ഇങ്ങനെയൊന്നും ചൂടാവല്ലേ, ശരീരത്തിനൊന്നും നല്ലതല്ല’ എന്നൊക്കെ രസകരമായ പ്രതികരണമാണ് ശർവാനി നൽകുന്നത്.

Read More: ആകാശ നീലിമയോടെ കാഞ്ചീപുരം പട്ടിന്റെ ചേലിൽ പ്രയാഗ മാർട്ടിൻ- മനോഹര ചിത്രങ്ങൾ

അമല പോളിനെ പോലെ നിരവധി താരങ്ങൾ ശർവാനിയുടെ ആരാധകരാണ്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവരോട് രൂക്ഷമായി പ്രതികരിക്കാറുള്ളവരാണ് പല താരങ്ങളും. എന്നാൽ ശർവാനിയുടെ വീഡിയോകൾ വൈറലായതോടെ ഇത്തരം കമന്റുകളോട് രസകരമായി പ്രതികരിക്കാൻ പല താരങ്ങളും ശ്രമിക്കുന്നുണ്ട്.

Story highlights- amala paul’s reaction on sharvani video