ചുരുളൻ മുടിയുടെ ചേലിൽ ദുൽഖർ സൽമാൻ; മുമ്മുവിനോളം വരില്ലെന്ന് നസ്രിയ

September 2, 2020

ലോക്ക് ഡൗൺ സമയത്ത് ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ പരിപാലനത്തിനുമൊക്കെയാണ് സിനിമാ താരങ്ങൾ മുൻഗണന നൽകിയത്. ചിലർ കൃഷിയിലും സജീവമായി. വർക്ക്ഔട്ടിനായി സമയം ചിലവഴിച്ചവരാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. പുതിയ ചിത്രത്തിനായുള്ള മമ്മൂട്ടിയുടെ മേക്കോവർ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ വർക്ക്ഔട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. നിരവധി താരങ്ങൾ ദുൽഖർ സൽമാന്റെ ചിത്രത്തിന് കമന്റുകളുമായി എത്തി.

ചുരുളൻ മുടിയുടെ ചേലിലാണ് ദുൽഖർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മുമ്മുവിന്റെ അത്ര പോരാ എന്നാണ് നടി നസ്രിയയുടെ കമന്റ്. അത് ശരിവെക്കുന്നുണ്ട് ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ മകളാണ് മുമ്മു എന്ന് വിളിപ്പേരുള്ള മറിയം. ടൊവിനോ തോമസ്, വിജയ് യേശുദാസ് തുടങ്ങിയവരും ചിത്രത്തിന് കമന്റുമായി എത്തി.

കുറുപ്പ് എന്ന ചിത്രമാണ് ഇനി ദുൽഖർ സൽമാന്റേതായി തിയേറ്ററിൽ എത്താനുള്ള ചിത്രം. തിരുവോണ ദിനത്തിൽ നെറ്റ്ഫ്ലിക്സിസിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷനിലൊരുങ്ങിയ മണിയറയിലെ അശോകൻ പ്രദർശനത്തിനെത്തിയിരുന്നു. മണിയറയിലെ അശോകൻ ഇന്ത്യയിലെയും യുഎഇയിലെയും ടോപ് ടെൻ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയ സന്തോഷവും ദുൽഖർ സൽമാൻ പങ്കുവെച്ചിരുന്നു.

അതേസമയം, മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തിയ ദുൽഖർ സൽമാൻ ഒരു പ്രണയകഥയിലൂടെ വീണ്ടും തെലുങ്കിലേക്ക് ചേക്കേറുകയാണ്. ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയിലും ദുൽഖർ സൽമാൻ ഇടം നേടിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ ആറാം സ്ഥാനത്താണ് ദുൽഖർ സൽമാൻ.

Story highlights- dulquer salman’s workout photos