‘8 മാസത്തെ ക്വാറന്റീനും 7 മാസത്തെ തൊഴിലില്ലായ്മക്കും ശേഷം’- വർക്ക്ഔട്ട് ചിത്രം പങ്കുവെച്ച് ജയറാം

September 23, 2020

ലോക്ക് ഡൗൺ ദിനങ്ങളിൽ ചെന്നൈയിലെ വീട്ടിൽ തന്നെ കഴിയുകയാണ് നടൻ ജയറാമും കുടുംബവും. വീട്ടിലെ കൃഷികൾ പരിപാലിച്ചും പുതിയ കൃഷിപാഠങ്ങൾ പഠിച്ചും ലോക്ക് ഡൗൺ ദിനങ്ങൾ സജീവമാക്കുകയാണ് ജയറാം. അടുത്തിടെ, തന്റെ ലോക്ക് ഡൗൺ കൃഷിത്തോട്ടം ആരാധകർക്കായി പങ്കുവെച്ചിരുന്നു കാളിദാസ്. അച്ഛനാണ് കൃഷിയിലൂടെ ഫലപ്രദമായി സമയം വിനിയോഗിക്കാൻ പഠിപ്പിച്ചതെന്നും കാളിദാസ് പങ്കുവെച്ചിരുന്നു.

കൃഷിക്ക് പുറമെ ശരീര സംരക്ഷണത്തിന്റെ തിരക്കിലുമാണ് ജയറാം. ഒരു ഇടവേളയ്ക്ക് ശേഷം പുത്തൻ ലുക്കിൽ സിനിമയിൽ സജീവമായ ജയറാം ഇപ്പോൾ ഏറ്റവുമധികം സമയം മാറ്റിവയ്ക്കുന്നത് ഫിറ്റ്നസിനാണ്. ഇപ്പോഴിതാ, രസകരമായൊരു കുറിപ്പും വർക്ക്ഔട്ട് ചിത്രവും പങ്കുവയ്ക്കുകയാണ് പ്രിയ താരം. ‘8 മാസത്തെ ക്വാറന്റീനും 7 മാസത്തെ തൊഴിലില്ലായ്മയും’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read More: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘വരവ്’

മാർച്ച് മുതൽ വീട്ടിൽ തന്നെ കഴിഞ്ഞ ജയറാം സെപ്റ്റംബറിലാണ് സിനിമാതിരക്കുകളിലേക്ക് ചേക്കേറിയത്.  ലോക്ക് ഡൗണിനു ശേഷം ആരും വീടിനു പുറത്തേക്ക് പോയിട്ടില്ലെന്നും ചില പരസ്യ ചിത്രങ്ങളിലും ആമസോൺ ചിത്രത്തിലും മാത്രമാണ് വേഷമിട്ടതെന്ന് ജയറാം അടുത്തിടെ വ്യക്തമാക്കിയിരുന്നു. സുധ കൊങ്ങര ആമസോണിന് വേണ്ടി സംവിധാനം ചെയ്ത ചിത്രത്തിൽ കാളിദാസും ജയറാമും വേഷമിടുന്നുണ്ട്.