ആള് ചില്ലറക്കാരിയല്ല ; മഞ്ജു വാര്യർക്ക് സ്നേഹ സമ്മാനം ഒരുക്കി ആരാധകർ, ശ്രദ്ധേയമായി മാഷപ്പ് വീഡിയോ

September 8, 2020

മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയമായ താരമാണ് മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് സല്ലാപം എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 ല്‍ മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി.

മലയാള ചലച്ചിത്ര മേഖലയിൽ നിരവധി ആരാധകരുള്ള താരത്തിന് വേണ്ടി ഒരുക്കിയ ഒരു മാഷപ്പ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ജു വാര്യരുടെ പിറന്നാളിന് മുന്നോടിയായാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മഞ്ജു അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെയും മഞ്ജുവിനെക്കുറിച്ച് പ്രശസ്തരായവർ പറഞ്ഞ വാക്കുകളും കൂട്ടിയോജിപ്പിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അരുൺ കെ ആർ, ഉണ്ണി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഒരുക്കിയ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം കൈനിറയെ ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് മഞ്ജു. ലളിതം സുന്ദരം, കയറ്റം എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കയറ്റം’. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. മധു വാര്യർ ഒരുക്കുന്ന ചിത്രമാണ് ലളിതം സുന്ദരം.

Story Highlights: Manju Warrier Birthday Tribute Special Mashup 2020