മണിരത്നത്തിന്റെ ‘നവരസ’യിൽ സൂര്യക്കും വിജയ് സേതുപതിക്കുമൊപ്പം പാർവതിയും

October 28, 2020

നെറ്റ്ഫ്ലിക്സിനായി ആന്തോളജി ചിത്രമൊരുക്കാൻ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും കൈകോർക്കുന്നു. നെറ്റ്ഫ്ലിക്സിലാണ് നവരസ എന്ന ആന്തോളജി ചിത്രത്തിനെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. നവരസങ്ങളെയോ വികാരങ്ങളെയോ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് നവരസ.

സൂര്യ, രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് നവരസയിൽ വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ എന്നിവരും നവരസയിൽ ഉണ്ട്.

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.

ചിത്രങ്ങളിൽ നിന്നുള്ള വരുമാനം കൊറോണ വൈറസ് പ്രതിസന്ധിയിലാക്കിയ തമിഴ് സിനിമയിലെ ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമത്തിലേക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഈ മാസം ആദ്യം പ്രഖ്യാപിച്ച ‘പാവ കഥൈകൾ’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്ലികസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ.

‘മാസങ്ങളായി ജോലിയില്ലാത്ത ഞങ്ങളുടെ ജനങ്ങളുടെ വേദന ഒരു പരിധിവരെ ശമിപ്പിക്കാനുള്ള ശ്രമഫലമായാണ് ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുകയും അവയിലൂടെ പണം സ്വരൂപിക്കുകയും ചെയ്യുക എന്ന ആശയത്തിലേക്ക് എത്തിയത്. ഞങ്ങൾ സമീപിച്ച പ്രമുഖ സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക വിദഗ്ധരുമായും ഈ ആശയം ചർച്ച ചെയ്യുകയും അവർ അംഗീകരിക്കുകയും ചെയ്തതോടെ ഈ പദ്ധതിയിലേക്ക് എത്തുകയായിരുന്നു’. മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും വ്യക്തമാക്കുന്നു.

Story highlights- navarasa cast and crew