യു എന്നിന്റെ പ്രത്യേക ബഹുമതി നേടി സോനു സൂദ്; ലോക്ക് ഡൗൺ കാലത്തെ കാരുണ്യപ്രവർത്തനങ്ങൾക്ക് അംഗീകാരം

October 1, 2020

സിനിമകളിൽ ക്രൂരനായ വില്ലനാണെങ്കിലും ജീവിതത്തിൽ സൂപ്പർഹീറോയാണ് നടൻ സോനു സൂദ്. കാരണം ലോക്ക് ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ സഹായംകൊണ്ട് മാത്രം നാട്ടിലേക്ക് മടങ്ങിയെത്താനും പുതിയ ജീവിതം ആരംഭിക്കാനും സാധിച്ചവർ നിരവധിയാണ്. കരുണ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ഇപ്പോഴിതാ, മികച്ചൊരു ബഹുമതി സോനു സൂദിനെ തേടിയെത്തിയിരിക്കുന്നു.

ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ സ്പെഷ്യൽ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ അവാർഡ് ആണ് സോനു സൂദ് സ്വന്തമാക്കിയത്. യു എന്നിന്റെ വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ ബഹുമതി ലഭിച്ച ആഞ്ചലീന ജോളി, ഡേവിഡ് ബെക്കാം, ലിയോനാർഡോ ഡികാപ്രിയോ, എമ്മ വാട്സൺ, ലിയാം നീസൺ തുടങ്ങിയ താരങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെടുകയാണ് സോനു സൂദിന്റെ പേരും. പുരസ്‌കാരം സ്വന്തമാക്കിയ താരത്തിന് അഭിനന്ദനമറിയിച്ച് നടി പ്രിയങ്ക ചോപ്രയും എത്തിയിരുന്നു.

ലോക്ക് ഡൗൺ സമയത്ത് നിരവധി സഹായങ്ങളാണ് സോനു സൂദ് ചെയ്തത്. കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സോനു സൂദ് ബസ് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല, കേരളത്തിൽ കുടുങ്ങിയ ഒറീസ്സ സ്വദേശിനികളെ നാട്ടിലേക്ക് എത്തിക്കാൻ അഹ്‌ദേഹം നടത്തിയ ശ്രമങ്ങളും ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലെ ഒരു ഫാക്ടറിയിൽ തുന്നൽ ജോലിക്ക് എത്തിയതായിരുന്നു ഒറീസ സ്വദേശിനികളായ 177 പെൺകുട്ടികൾ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫാക്ടറി പൂട്ടുകയും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ ഇവർ കേരളത്തിൽ കുടുങ്ങുകയും ചെയ്തു.സംഭവം അറിഞ്ഞതോടെ സോനു സൂദ് ബെംഗളൂരുവിൽ നിന്നും പ്രത്യേക വിമാനമെത്തി ഇവരെ കൊച്ചിയിൽ നിന്നും ഭുവനേശ്വറിൽ എത്തിക്കുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ചായക്കട നടത്തിയിരുന്ന നാഗേശ്വര റാവു ലോക്ക് ഡൗൺ ആയതോടെ പ്രതിസന്ധിയിലായിരുന്നു. അതോടെ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തിന് കൃഷിയിടമാണ് ആശ്രയമായത്. എന്നാൽ, കൃഷിയിടം ഉഴുതുമറിക്കാൻ കാളകളെ വാങ്ങാൻ സാധിക്കാതെ പെൺമക്കളെ കൊണ്ടാണ് നിലമുഴുതത്. ഈ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതോടെ കുടുംബത്തിന് ഒരു ട്രാക്ടർ വാങ്ങി നൽകിയിരുന്നു താരം.

Read More: കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

അതേസമയം, ഹൈദരാബാദിൽ ബെല്ലംകൊണ്ട ശ്രീനിവാസ്, പ്രകാശ് രാജ് തുടങ്ങിയവർക്കൊപ്പം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. സോനു സൂദ് സെറ്റിലെത്തിയ ആദ്യ ദിനം പുഷ്പാർച്ചനയോടെയാണ് സഹതാരങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചത്.

Story highlights- sonu sood bags the prestigious UN award