മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത; സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ ഉടനെന്ന് ടോമിച്ചൻ മുളകുപാടം

October 7, 2020

മലയാള സിനിമയിൽ ചരിത്ര വിജയം സ്വന്തമാക്കിയ മോഹൻലാൽ ചിത്രം പുലിമുരുകൻ റിലീസ് ചെയ്തിട്ട് നാലുവർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിച്ച ചിത്രം മലയാളത്തിലെ ആദ്യ നൂറുകോടി കളക്ഷൻ സ്വന്തമാക്കിയ സിനിമയായാണ് കണക്കാക്കുന്നത്. പുലിമുരുകൻ റിലീസ് ചെയ്ത നാലാം വാർഷികത്തിൽ വിജയചിത്രത്തിന്റെ സന്തോഷവും പുതിയ ചിത്രത്തിന്റെ വിവരങ്ങളുമാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം പങ്കുവയ്ക്കുന്നത്.

ടോമിച്ചൻ മുളകുപാടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ..ഇന്നും സ്വീകരണമുറികളിൽ പ്രേക്ഷകർ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേൽക്കുന്നത് എന്നത് ഒരു നിർമാതാവ് എന്ന നിലയിൽ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

അതേസമയം, സുരേഷ് ഗോപിയുടെ 250മത് ചിത്രമായി പ്രഖ്യാപിക്കപ്പെട്ട കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമ പകർപ്പവകാശ ലംഘനം ആരോപിക്കപ്പെട്ട് വിലക്കിലാണ്. പകർപ്പവകാശ ലംഘന കേസ് പരിഹരിക്കപ്പെടുന്നതുവരെ സിനിമയുടെ ഷൂട്ടിംഗിനും പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കും വിലക്ക് തുടരുമെന്ന് കോടതി അറിയിച്ചിരുന്നു.

മാത്യൂസ് തോമസ് പ്ലമ്മൂട്ടിൽ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ചിത്രത്തിന്റെ തിരക്കഥ തന്റെ തിരക്കഥയിൽ നിന്ന് മോഷ്ടിച്ചതായി ആരോപിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാം ജൂലൈയിലാണ് പകർപ്പവകാശ ലംഘന കേസ് ഫയൽ ചെയ്തത്. രണ്ട് കക്ഷികളും തമ്മിൽ കോടതിയിൽ നാല് സിറ്റിങ് ഇതുവരെ കഴിഞ്ഞു. ഇതിനു ശേഷമാണ് വിലക്ക് തുടരുന്നതായി അറിയിച്ചത്. രണ്ട് സിനിമകളിലെയും നായകന്മാരുടെ പേര് കടുവാകുന്നിൽ കുറുവച്ചൻ എന്നാണ്.

Story highlights- tomichan mulakupadam about suresh gopi’s 250th movie