മകളുടെ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ ജോലി ഉപേക്ഷിച്ച അച്ഛൻ, അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകി മകളും; ഹൃദ്യം കുറിപ്പ്

November 28, 2020

മക്കൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന നിരവധി മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ സ്വന്തം മകളെ പഠിപ്പിക്കാനായി ജോലി ഉപേക്ഷിച്ച ഒരു അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുന്നത്. വീട്ടിലിരുന്ന് പഠിച്ച് 21–ാം വയസിലെ ആദ്യ ശ്രമത്തിൽ ഐപിഎസ് കരസ്ഥമാക്കിയ എസ്.സുശ്രീയുടെയും മകളെ പരിശീലിപ്പിക്കാനായി പാതിവഴിയിൽ ജോലിയുപേക്ഷിച്ച അച്ഛൻ സുനിൽകുമാറിന്റെയും പ്രചോദനാത്മക ജീവിതകഥയാണ് കുറിപ്പിൽ ഉള്ളത്.

ആനന്ദ് ബെനഡിക്റ്റ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് വായിക്കാം

21–ാം വയസ്സിൽ ആദ്യ ശ്രമത്തിൽ ഐപിഎസ് … ഇത് അച്ഛന്റെയും മകളുടെയും സ്നേഹബന്ധത്തിന്റെ വിജയം. വീട്ടിലിരുന്നു പഠിച്ച് 21–ാം വയസ്സിലെ ആദ്യ ശ്രമത്തിൽത്തന്നെ ഐപിഎസ് നേടിയ എസ്.സുശ്രീയുടെയും മകളെ പരിശീലിപ്പിക്കാനായി പാതിവഴിയിൽ ജോലിയുപേക്ഷിച്ച അച്ഛൻ സുനിൽകുമാറിന്റെയും പ്രചോദനാത്മക ജീവിതകഥ..

മകളുടെ കരിയർ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ കരിയർ ഉപേക്ഷിച്ച ഒരച്ഛന്റെയും മൽസര പരീക്ഷയിലെ അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകിയ മകളുടെയും അസാധാരണ ജീവിതകഥയാണിത്.

2017ൽ 21–ാം വയസ്സിൽ ഐപിഎസ് പരീക്ഷ വിജയിച്ച് ആ നേട്ടത്തിനുടമയാകുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞയാളായി മാറിയ കൊല്ലം അഞ്ചൽ സ്വദേശിനി എസ്. സുശ്രീ. ഈ മാസമാദ്യം ഒഡീഷ കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായി ചുമതലയേറ്റപ്പോൾ നൽകിയ ആദ്യ സല്യൂട്ട് അച്ഛൻ പി.ടി. സുനിൽകുമാറിന്റെ സ്നേഹത്തിനും കരുതലിനും ഇച്ഛാശക്തിക്കുമായിരുന്നു.

കാരണം, കാര്യമായി ഒരു പരിശീലന പരിപാടിയിലും പങ്കെടുക്കാതെ അച്ഛന്റെ ശിക്ഷണത്തിൽ വീട്ടിലിരുന്നു മാത്രം പഠിച്ചാണു സുശ്രീ ഐപിഎസ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്, അതും ആദ്യ ശ്രമത്തിൽ. മകൾക്കായെരിഞ്ഞ സൂര്യൻ സുനിലും ശ്രീകലയും മകൾക്കു പകുത്തുനൽകിയതു സ്വന്തം പേരുകൾ മാത്രമായിരുന്നില്ല, ജീവിതവും കൂടിയായിരുന്നു.

സുശ്രീയെ (സുനിലിന്റെയും ശ്രീകലയുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർന്നാൽ സുശ്രീ ആയി) ആദ്യാക്ഷരം എഴുതിച്ച ഗുരുവും മെന്ററും പരിശീലകനും മോട്ടിവേറ്ററും സുഹൃത്തുമൊക്കെയായി സുനിൽ പകർന്നാടിയ വേഷങ്ങൾ ഏറെയാണ്.

കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) ഉന്നത പദവിയിലെത്താമായിരുന്ന ജോലി 2010ൽ മകളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി വലിച്ചെറിഞ്ഞ് അഞ്ചൽ തഴമേൽ കലാഭവൻ വീട്ടിലേക്കു മടങ്ങുമ്പോൾ സുനിലിനു പ്രായം വെറും 44. വിരമിക്കൽ പ്രായമായ 60 വയസ്സു കണക്കുകൂട്ടിയാൽ 16 വർഷത്തെ സർവീസാണു വിആർഎസ് (സ്വയം വിരമിക്കൽ പദ്ധതി) സ്വീകരിക്കുമ്പോൾ അദ്ദേഹത്തിനു ബാക്കിയുണ്ടായിരുന്നത്. ഒന്നും രണ്ടും യുപിഎ സർക്കാരിന്റെ കാലത്തു പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ സുരക്ഷാ ചുമതല നിർവഹിച്ച എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്) കമാൻഡോ എന്ന അഭിമാനാർഹമായ ജോലിയിൽ നിന്നായിരുന്നു മകൾക്കായുള്ള ആ പിൻനടത്തം.

പാതിവഴിയിലെ പഠനംകൊല്ലം കടയ്ക്കൽ തുടയന്നൂർ പത്മവിലാസത്തിൽ തങ്കപ്പൻ പിള്ളയുടെയും പത്മാവതിയമ്മയുടെയും രണ്ടാമത്തെ മകൻ പി.ടി. സുനിൽകുമാർ പത്താം ക്ലാസിലെത്തിയപ്പോഴേക്കും നാട്ടിലെ സന്മാർഗദായിനി യുവജനസമാജം വായനശാലയിലെ ഒരുമാതിരിപ്പെട്ട പുസ്തകങ്ങളൊക്കെ വായിച്ചുകഴിഞ്ഞിരുന്നു. സ്കൂളിൽ മൂന്നാം സ്ഥാനത്തോടെ എസ്എസ്എൽസിയും മികച്ച മാർക്കോടെ പ്രീഡിഗ്രിയും വിജയിച്ച് നിലമേൽ എൻഎസ്എസ് കോളജിൽ ബിഎസ്‌സി മാത്‌സിനു ചേർന്ന സുനിലിന് ഉയർന്നു പഠിക്കാൻ തന്നെയായിരുന്നു മോഹം. പക്ഷേ, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അതനുവദിക്കുന്ന അവസ്ഥയിലായിരുന്നില്ല.

അവസാനവർഷ ഡിഗ്രി പരീക്ഷ എഴുതും മുൻപേ ലഭിച്ച സിആർപിഎഫ് ഉദ്യോഗം സ്വീകരിച്ച് അസമിലെ ഗുവാഹത്തിയിലെത്തിയത് അങ്ങനെയാണ്. നൗഗോങ്ങിലെ എസ്പി ഗുവാഹത്തിക്കു സമീപം നൗഗോങ് ജില്ലയിൽ ജോലി നോക്കാനിടയായതാണു സുനിലിന്റെയും മകൾ സുശ്രീയുടെയും ഭാവിജീവിതത്തിൽ നിർണായകമായി മാറിയത്.

നാട്ടുകാരനായ എൻ. രാമചന്ദ്രനായിരുന്നു അന്ന് നൗഗോങ് എസ്പി. അദ്ദേഹം പിന്നീട് മേഘാലയ, അസം ഡിജിപിയും എസ്പിജി ഉപമേധാവിയും കൊച്ചിൻ പോർട്‌ട്രസ്റ്റ് ചെയർമാനുമായി. രാമചന്ദ്രന്റെ പിതാവ് കയ്യൊപ്പിട്ടു നൽകിയ ഒരു കത്ത് സുനിലിന്റെ ജ്യേഷ്ഠൻ സംഘടിപ്പിച്ചു നൽകിയിരുന്നു. അതുവഴി പരിചയപ്പെടാനെത്തിയ സുനിലിന്റെ കഴിവുകളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞ രാമചന്ദ്രൻ പഠനം അവസാനിപ്പിക്കരുതെന്നും ജോലിയിലിരുന്നു തന്നെ രണ്ടു വിഷയങ്ങളിൽക്കൂടി ബിരുദാനന്തരബിരുദം എടുത്തശേഷം സിവിൽ സർവീസിനു ശ്രമിക്കണമെന്നും ഉപദേശിച്ചു. ആ ഉപദേശം മനസ്സാ സ്വീകരിച്ചു ഡിഗ്രി മുഴുമിപ്പിച്ച സുനിൽ പിന്നീടു സോഷ്യോളജിയി‍ൽ എംഎയും ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ എംബിഎയും നേടി. പക്ഷേ, പല നാടുകളിലെ ജോലിയും പഠനവും കഴിഞ്ഞപ്പോഴേക്കും സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി കടന്നുപോയിരുന്നു.

ഇതിനിടെ ശ്രീകലയുമായുള്ള വിവാഹം. സുശ്രീയും ദേവിശ്രീയും ജനിക്കുന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സിവിൽ സർവീസ് സ്വപ്നം ഒരു കനലായി സുനിലിന്റെ ഉള്ളിൽ ചാരം മൂടിക്കിടന്നു. കനൽ ജ്വലിക്കുന്നു ഡിപ്പാർട്ട്മെന്റിനുള്ളിലെ കടുത്ത ശാരീരിക, മാനസിക ക്ഷമതാ പരീക്ഷകൾക്കും കർശന പരിശീലനങ്ങൾക്കും ശേഷം സുനിലിന് ഡൽഹിയിൽ എസ്പിജി വിഭാഗത്തിൽ ഡപ്യൂട്ടേഷനിൽ ജോലി ലഭിച്ചു. ഇതോടെ സിവിൽ സർവീസിലെ ഒട്ടേറെ പ്രഗൽഭമതികളെ നേരിൽ കാണാനും പരിചയപ്പെടാനും അവസരം കിട്ടി.

വിദ്യാർഥിയായിരുന്ന സുശ്രീയുടെ മനസ്സിൽ സിവിൽ സർവീസ് സ്വപ്നം സുനിൽ പാകിയത് അവൾ പോലുമറിയാതെയായിരുന്നു. രാജ്യത്തെ മികച്ച ഐഎഎസ്, ഐപിഎസ് ഓഫിസർമാരുടെ ജോലിയുടെ സവിശേഷതകളെക്കുറിച്ചും സമൂഹത്തിൽ വലിയ മാറ്റങ്ങൾക്കായി അവർക്കു ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ മകളുമായുള്ള ദൈനംദിന സംഭാഷണത്തിൽ രസകരമായി സുനിൽ അവതരിപ്പിക്കുമായിരുന്നു. ഒപ്പം മേലധികാരികൾ കൂടിയായിരുന്ന ഋഷിരാജ് സിങ്, രാമചന്ദ്രൻ എന്നിവരുമായി സുശ്രീയ്ക്ക് കൂടിക്കാഴ്ചകൾക്കും അവസരമൊരുക്കി.

മൻമോഹന്റെ ചോദ്യം എസ്പിജി സ്ഥാപക ദിനാചരണത്തിൽ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെയും സഹധർമിണി ഗുർചരൺ കൗറിനെയും പൂക്കൾ നൽകി സ്വീകരിക്കാനുള്ള അവസരം എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്ന സുശ്രീക്കു ലഭിച്ചതു വലിയ പ്രചോദനമായി. എന്താകാനാണ് ആഗ്രഹം എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് സിവിൽ സർവീസ് എന്ന ഒരേയൊരു ഉത്തരമേ സുശ്രീക്കുണ്ടായിരുന്നുള്ളൂ.

പത്താം ക്ലാസിലെത്തിയപ്പോൾ പങ്കെടുത്ത മാനസികാപഗ്രഥന പരീക്ഷയിൽക്കൂടി കഴിവു തെളിയിച്ച മകളുടെയുള്ളിൽ സിവിൽ സർവീസ് സ്വപ്നം വളർന്നു പന്തലിച്ചു കഴിഞ്ഞുവെന്നു സുനിലിനു മനസ്സിലായി. അതോടെ അദ്ദേഹം ആ നിർണായക തീരുമാനത്തിലെത്തി. 2010 സെപ്റ്റംബറിൽ സർവീസിൽ നിന്നു സ്വയം വിരമിച്ചു കുടുംബവുമായി സുനിൽ നാട്ടിലേക്കു തിരിച്ചു.

അച്ഛനാണു ഗുരു

അഞ്ചൽ ശബരിഗിരി റസിഡൻഷ്യൽ സ്കൂളിൽ നിന്ന് ഒന്നാമതായാണു സുശ്രീ പ്ലസ് ടു പാസായത്. അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നിന്ന് കേരള സർവകലാശാലയിലെ ഒന്നാം റാങ്കോടെ ബിഎ ഇംഗ്ലിഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷും പാസായി. 11–ാം ക്ലാസ്സ് മുതൽ വിവിധ പത്ര മാസികകളും പൊതുവിജ്ഞാന പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വീട്ടിൽ വരുത്തി സുശ്രീയുടെ സിവിൽ സർവീസ് പരിശീലനത്തിന്റെ പ്രാഥമികഘട്ടം സുനിൽ തുടങ്ങി. ഡിഗ്രി ഒന്നാം വർഷമായപ്പോൾ തിരുവനന്തപുരത്തെ സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിലെ വാരാന്ത്യ ക്ലാസ്സിൽ സുശ്രീയെ ചേർത്തു. അവിടുത്തെ വിശാലമായ ലൈബ്രറിയായിരുന്നു പ്രധാന ലക്ഷ്യം. തിരുവനന്തപുരം യാത്രയിൽ സുനിലും എല്ലായ്പ്പോഴും മകൾക്കൊപ്പമുണ്ടായിരുന്നു. സുശ്രീ അക്കാദമിയിലായിരിക്കുമ്പോൾ അച്ഛൻ തിരുവനന്തപുരത്തെ പുസ്തകശാലകളിലും ലൈബ്രറികളിലും അലഞ്ഞുനടക്കും. ഒരാഴ്ചത്തെ പഠനത്തിനാവശ്യമായ പുസ്തകങ്ങളും മാസികകളും നിറഞ്ഞ തോൾ സഞ്ചിയുമായിട്ടാകും വൈകിട്ട് നാട്ടിലേക്കുള്ള മടക്കം. പിന്നീടു കൃത്യമായ ടൈംടേബിൾ തയാറാക്കി പഠനം വീട്ടിൽ തന്നെയാക്കി. പുലർച്ചെ 4.30ന് മകൾക്കൊപ്പം എഴുന്നേൽക്കുന്ന സുനിൽ രാത്രി 9നു പഠനം അവസാനിക്കും വരെ മകൾക്കൊപ്പം തന്നെ സമയം ചെലവഴിച്ചു, വീട്ടച്ഛനായി മാറി. അഞ്ചൽ ശബരിഗിരി സ്കൂളിലെ ഗണിതാധ്യാപികയായി ഭാര്യ ശ്രീകല ഉദ്യോഗവും നോക്കി.

പഠനം ആനന്ദം..

വൈകുന്നേരങ്ങളിൽ ബാഡ്മിന്റൻ കളിച്ചും വീട്ടുജോലികളിൽ ഏർപ്പെട്ടുമാണ് സുശ്രീ പഠന സമ്മർദം ലഘൂകരിച്ചിരുന്നത്. ദിവസവും ഒരു മണിക്കൂർ പ്രചോദനാത്മക വിഷയങ്ങളിൽ അച്ഛൻ തന്നെ സുശ്രീയ്ക്കു ക്ലാസ് എടുത്തു. വിവിധ വിഷയങ്ങളിൽ പഠനം എളുപ്പമാക്കുന്ന ഫയലുകളും ചാർട്ടുകളും തയാറാക്കി നൽകി.

അമ്മയും അനിയത്തിയും എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. നന്നായി ചിത്രം വരയ്ക്കുകയും കഥകളെഴുതുകയും ചെയ്തിരുന്ന സുശ്രീ സെന്റ് ജോൺസ് കോളജ് കലോൽസവത്തിൽ കലാതിലകവുമായിരുന്നു.

വീടൊരു കളരി..

ഡിഗ്രി ഒന്നാം റാങ്കോടെ വിജയിച്ച ശേഷം സോഷ്യോളജി ഐച്ഛിക വിഷയമായി സ്വീകരിച്ചു സിവിൽ സർവീസ് അവസാനഘട്ട പരിശീലനത്തിനു സുശ്രീയും അച്ഛനും കച്ചമുറുക്കി. ഒരു വർഷം പൂർണമായും വീട്ടിലിരുന്നുകൊണ്ടുള്ള പഠനരീതിയാണു സ്വീകരിച്ചത്. ഇതിനിടെ എഴുതിയ ടെസ്റ്റുകൾ പാസായി. തപാൽ വകുപ്പ്, ഇന്റലിജൻസ് ബ്യൂറോ, ഐഎസ്ആർഒ എന്നിവിടങ്ങളിൽ നിന്നു സുശ്രീക്ക് നിയമന ഉത്തരവുകൾ ലഭിച്ചുവെങ്കിലും ഒന്നും സ്വീകരിച്ചില്ല. ഈ പരീക്ഷകളൊക്കെ യുപിഎസ്‌സി പരീക്ഷയ്ക്കു മുൻപായുള്ള ടെസ്റ്റ് ഡോസ് മാത്രമായാണു സുശ്രീയും സുനിലും കണ്ടത്. വളരെ ചെറുപ്രായത്തിൽ കിട്ടിയ ജോലികളൊക്കെ വലിച്ചെറിയുന്നതിനെക്കുറിച്ചു പലരും മുറുമുറുത്തെങ്കിലും അച്ഛനും മകളും അതൊക്കെ അതിജീവിച്ചു. സുനിൽ ദിവസവും മകൾക്കായി മോക് ടെസ്റ്റുകൾ നടത്തി. മഹദ് വചനങ്ങളും പ്രചോദനാത്മക വാക്യങ്ങളും എഴുതി സുശ്രീയുടെ മുറിയിലെ ചുമരുകളിൽ പതിച്ചു. ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് അന്നത്തെ മുഴുവൻ പാഠഭാഗങ്ങളും റിവിഷനും നടത്തി. ആഴ്ച തോറുമുള്ള റിവിഷനും മാസം തോറുമുള്ള റിവിഷനും പ്രത്യേകമായുണ്ടായിരുന്നു.

ഞാനില്ലെങ്കിലും..

ഒടുവിൽ പ്രിലിമിനറി പരീക്ഷാ തീയതി അടുത്തെത്തി. മാതൃകാ ചോദ്യോത്തര എഴുത്തു പരിശീലനവും അതിന്റെ തിരുത്തലുകളും എല്ലാ ദിവസവും നടത്തിക്കൊണ്ടിരുന്നു. 4 വർഷം നീണ്ട ഈ കഠിന പരിശീലനചര്യയ്ക്കൊടുവിൽ മകൾക്കൊപ്പം അച്ഛനും ഉരുകിത്തീർന്നുകൊണ്ടിരിക്കുകയായിരുന്നു. അവസാനഘട്ടമായപ്പോഴേക്കും ഈ സമ്മർദം തനിക്കു താങ്ങാനാകുമോയെന്ന സംശയം പോലും സുനിലിനുണ്ടായി. പരീക്ഷയ്ക്കു മുൻപ് അദ്ദേഹം മകളോട് ഇങ്ങനെ പറഞ്ഞു, ‘‘ഞാൻ മരിച്ചുപോയാലും നീ പരീക്ഷ എഴുതാതിരിക്കരുത്. ഞാൻ ഋഷിരാജ് സിങ് സാറിനോടും രാമചന്ദ്രൻ സാറിനോടും എല്ലാക്കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അവർ നിന്നെ എല്ലാക്കാര്യങ്ങൾക്കും സഹായിച്ചുകൊള്ളും’’.

പൊട്ടിക്കരഞ്ഞ നിമിഷം..

2017 ജൂണിലായിരുന്നു പ്രിലിമിനറി പരീക്ഷ. ഓഗസ്റ്റിൽ ഫലം വന്നു. ജയം. ഒക്ടോബർ അവസാന ആഴ്ചയായിരുന്നു മെയിൻസ്. അഞ്ചുദിവസം രാവിലെയും വൈകിട്ടും തുടർച്ചയായി പരീക്ഷ. അഞ്ചലിൽ നിന്നു ബസിലാണ് ദിവസവും തിരുവനന്തപുരത്തെ പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്ര. ബസ് യാത്രകൾ ഏറെ ഇഷ്ടമായിരുന്ന സുശ്രീയുടെ മനസ്സിലെ സമ്മർദത്തിന്റെ അവസാനകണികയും അകറ്റുകയായിരുന്നു സുനിലിന്റെ ഉദ്ദേശ്യം. ഡിസംബറിൽ മെയിൻസ് ഫലം. അതും കടന്നു. തുടർന്ന് ഇന്റർവ്യൂവിന് ഡൽഹിയിലേക്ക്. 2018 ഏപ്രിൽ 23ന് 45 മിനിറ്റ് നീണ്ടുനിന്ന ഇന്റർവ്യു. 24നു മെഡിക്കൽ ടെസ്റ്റും കഴിഞ്ഞ് 27ന് തിരുവനന്തപുരത്ത് ഇരുവരും വിമാനമിറങ്ങുന്നു. സുശ്രീയെ പരിശീലനത്തിനിടെ പല കാര്യങ്ങളിലും സഹായിച്ചിട്ടുള്ള മുൻ സ്ഥാനപതി ടി.പി. ശ്രീനിവാസന്റെ കോൾ സുനിലിന്റെ ഫോണിലേക്കെത്തുന്നു. ഓൾ ഇന്ത്യ 151–ാം റാങ്കും കേരളത്തിൽ അഞ്ചാം റാങ്കും നേടി സുശ്രീക്ക് അഭിമാനാർഹമായ വിജയം. വെറും വിജയമല്ല, ആദ്യശ്രമത്തിലെ തന്നെ ജയം. കൂടാതെ, ഐപിഎസ് പാസാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും. ആ നിമിഷം സുനിൽ എല്ലാം മറന്നു പൊട്ടിക്കരഞ്ഞു.

സുനിൽകുമാർ സുശ്രീയെ സിവിൽ സർവീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ചു തുടങ്ങിയതു മുതൽക്കുള്ള മുഴുവൻ ചെലവും എഴുതി സൂക്ഷിച്ചിട്ടുണ്ട്. അമ്മ അരിവിറ്റും ജ്യേഷ്ഠൻ കണ്ടക്ടർ ജോലിയെടുത്തും നൽകിയ വിലയേറിയ നാണയത്തുട്ടുകൾ സ്വരുക്കൂട്ടി ജീവിച്ച കാലഘട്ടത്തിന്റെ ഓർമ തന്നെ കാരണം.

പൈസ തികയാത്തതിനാൽ നിലച്ച കലാലയജീവിതം പഠിപ്പിച്ച സാമ്പത്തിക അച്ചടക്കം, ജോലി കിട്ടിയ ശേഷം ദിവസവും വരവുചെലവു കണക്കുകൾ എഴുതിവയ്ക്കുന്നതു സുനിലിന്റെ ശീലമാക്കി മാറ്റി. അതദ്ദേഹം മകളിലേക്കും പകർന്നു. പഠനാവശ്യങ്ങൾക്കായുള്ള ഓരോ തിരുവനന്തപുരം യാത്രകൾ കഴിഞ്ഞു വരുമ്പോളും രണ്ടു ബസ് ടിക്കറ്റുകൾ അദ്ദേഹം മകളെ ഏൽപ്പിക്കുമായിരുന്നു, ചെലവുകണക്കിൽ ചേർക്കാൻ. പഠനസാമഗ്രികൾ, യാത്ര (അതിൽ ഡൽഹിയിലേക്കുള്ള 2 വിമാനയാത്രകളും ഉൾപ്പെടും), ഫീസുകൾ എന്നിവയുൾപ്പെടെ സുശ്രീയ്ക്ക് ആകെ ചെലവായതു 82,242 രൂപ…!!!

സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായവരുടെ പ്രശ്നങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ, കടന്നുവന്ന വഴി മറന്നുപോകാതിരിക്കാൻ ആ കണക്കുപുസ്തകം അദ്ദേഹം മകളുടെ കയ്യിൽ ഭദ്രമായി ഏൽപ്പിച്ചിട്ടുണ്ട്.

അബ്ദുൽകലാം..

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ If you want to shine like a sun, first burn like a sun എന്ന പ്രശസ്തമായ വാക്യം മനസ്സിന്റെ ഭിത്തിയിൽ കോറിയിട്ടിട്ടുള്ള സുനിലിന്റെ മാതൃകാ വ്യക്തിത്വവും കലാം തന്നെ. മകളുടെ ഇഷ്ടവും വ്യത്യസ്തമല്ല.

സ്വപ്നം സാധ്യമാണ്

സിവിൽ സർവീസ് കരിയർ സ്വപ്നം കാണുന്നവരോട് ഇരുവർക്കും പറയാനുള്ളത് ഇതാണ്. ‘‘എനിക്ക് സിവിൽ സർവീസ് നേടണം, നേടാനാകും എന്ന കാര്യം ആദ്യം മനസ്സിലുറപ്പിക്കുക. ലക്ഷ്യം യാഥാർഥ്യമാകുന്നതു വരെ അതു തനിക്കു സാധിക്കുമെന്നു തീവ്രമായി വിശ്വസിച്ചുകൊണ്ടിരിക്കുക. പലയാളുകളും, പല സാഹചര്യങ്ങളും നമുക്കു മുന്നിൽ വലിയ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാൽ, അവയെ നെഗറ്റീവ് ആയി കാണാതെ നമുക്കു മുന്നോട്ടു പോകാനുള്ള പ്രചോദനമേകുന്ന ഇന്ധനമായി കരുതുക. പരാജയങ്ങൾ അനുഭവപാഠങ്ങളായി കണ്ട് അതിജീവിക്കുക. I’m thankful to all those who have said no to me, it is because of them that I have done it myself എന്ന മഹദ്‌വചനം എല്ലായ്പ്പോഴും ഓർക്കുക.

ഇതൊരു കഠിന യാത്രയാണ്. വഴിയിലെ ബുദ്ധിമുട്ടുകളും ത്യാഗങ്ങളും തടസ്സങ്ങളുമെല്ലാം വലിയ വേദനയായി തോന്നിയേക്കാം. എന്നാൽ ഒടുവിൽ നിങ്ങളാഗ്രഹിച്ച ലക്ഷ്യത്തിലെത്തിക്കഴിയുമ്പോൾ അവയെല്ലാമെത്ര നിസ്സാരമായിരുന്നെന്നു മനസ്സിലാകും. ആ ഒരു നിമിഷം ലോകം നിങ്ങളുടേതായി മാറും. എല്ലാ ആശംസകളും’’. ജീവിതത്തിൽ സ്വപ്നങ്ങളുള്ള ആർക്കും ഈ വരികൾ മനസ്സിൽ കുറിച്ചിടാം. ഈ അച്ഛന്റെയും മകളുടെയും ജീവിതം ഓർത്തുവയ്ക്കാം …

Story Highlights : Facebook post on father helps to achieve daughters ips