ഡൽഹിയെ എറിഞ്ഞ് വീഴ്ത്തി ബൂംറ; മുംബൈ ഫൈനലിൽ

November 5, 2020

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ. 57 റൺസിനാണ് ഡൽഹിയെ മുംബൈ തോല്പിച്ചത്. വിജയത്തോടെ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റ് ആയി മുംബൈ മാറി. ജസ്‌പ്രീത് ബൂംറയുടെ തകർപ്പൻ ബോളിങ്ങാണ് ഡൽഹിയെ വീഴ്ത്തിയത്. നാല് ഓവറിൽനിന്നും വെറും 14 റൺസ് മാത്രം വിട്ടുകൊടുത്ത് ബൂംറ നാല് വിക്കറ്റ് വീഴ്ത്തി. മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഡൽഹിയ്ക്ക് മികച്ച തുടക്കം നേടാൻ ആയില്ല. സ്കോർ ബോർഡിൽ റൺസ് നേടുന്നതിന് മുൻപേ ഡൽഹിയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആദ്യ ഓവർ എറിഞ്ഞ ബോൾട്ട് രണ്ട് വിക്കറ്റും രണ്ടാം ഓവർ എറിഞ്ഞ ബൂംറ ഒരു വിക്കറ്റും വീഴ്ത്തി. അജിൻക്യ രഹാനെ പൃഥ്വി-ഷാ എന്നിവരെ ബോൾട്ട് പുറത്താക്കിയപ്പോൾ ശിഖർ ധവാനെ ബൂംറ മടക്കി അയച്ചു. തുടർന്ന് ക്രീസിൽ ഒന്നിച്ച മാർക്കസ് സ്റ്റോയിനസ്, ശ്രേയസ്‌ അയ്യർ എന്നിവർ ഡൽഹിയുടെ സ്കോർ ബോർഡിൽ 20 റൺസ് കൂട്ടിച്ചേർത്തെങ്കിലും ശ്രേയസ് അയ്യരെയും ബൂംറ പുറത്താക്കി. എട്ട് പന്തിൽ നിന്നും 12 റൺസായിരുന്നു അയ്യരുടെ സമ്പാദ്യം. മികച്ച പ്രകടനം കാഴ്ചവെക്കാൻ എത്തിയ റിഷബ് പന്തും മൂന്ന് റൺസ് മാത്രം നേടി ക്രീസിൽ നിന്നും മടങ്ങി.

ഡൽഹിക്ക് വേണ്ടി ക്രീസിൽ ഒന്നിച്ച അക്സർ പട്ടേലും സ്റ്റോയ്നസും മികച്ച കുട്ടുകെട്ടുണ്ടാക്കി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിക്കാനായില്ല. മാർക്കസ് സ്റ്റോയിനസ് 46 പന്തിൽ നിന്നും മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പെടെ 65 റൺസ് നേടിയെങ്കിലും ബൂംറയുടെ തകർപ്പൻ ബോളിങ്ങിൽ സ്റ്റോയിനസിന്റെ വിക്കറ്റ് തെറിച്ചു. അതെ ഓവറിൽ തന്നെ ഡാനിയൽ സാംസനെയും ബൂംറ പുറത്താക്കി. അവസാന നിമിഷം വരെ പൊരുതി നോക്കിയ അക്‌സർ പട്ടേൽ 33 പന്തിൽ നിന്നും 42 റൺസാണ് നേടിയത്. മുംബൈയ്ക്ക് വേണ്ടി ജസ്‌പ്രീത് ബൂംറ നാലും ബോൾട്ട് രണ്ടും ക്രുണാൽ പാണ്ഡ്യയും പൊള്ളാർഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 200 റൺസ് നേടി. മുംബൈയ്ക്ക് വേണ്ടി ഇഷൻ കിഷനും സൂര്യകുമാർ യാദവും അർധ സെഞ്ച്വറി നേടി. ഡീ കോക്കിന്റെ തകർപ്പൻ തുടക്കവും ഹർദിക് പാണ്ഡ്യയുടെ അവസാന നിമിഷത്തിലെ ആളിക്കത്തലുമാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 20 ബോളിൽ നിന്നും അഞ്ച് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 40 റൺസാണ് ഡീകോക്ക് അടിച്ചെടുത്തത്. 38 ബോളിൽ നിന്നും രണ്ട് സിക്‌സും ആറു ഫോറുമായി 51 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് മടങ്ങിയത്. ഇഷൻ കിഷൻ 30 ബോളിൽ നിന്നും ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 55 റൺസ് നേടി. ഹർദിക് പാണ്ഡ്യ അഞ്ച് സിക്‌സറുകൾ ഗ്യാലറിയിലേക്ക് പായിച്ച് 37 റൺസ് നേടി. ഡൽഹിയ്ക്ക് വേണ്ടി അശ്വിൻ മൂന്ന് വിക്കറ്റും സ്റ്റോയിൻസ്, നോർജെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരം തോറ്റെങ്കിലും ഡൽഹിയ്ക്ക് ഫൈനലിൽ കയറാൻ ഒരു അവസരം കൂടി ബാക്കിയുണ്ട്. ഇനി നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറിലെ വിജയിയെ തോൽപ്പിച്ചാൽ ഡൽഹിയ്ക്ക് ഫൈനലിൽ എത്താം. നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുക.

Story Highlights:Ipl 2020 mumbai indians won