8 വിക്കറ്റ് വിജയവുമായി ഓസ്‌ട്രേലിയക്ക് അഡ്‌ലെയ്ഡിൽ മികച്ച തുടക്കം; ഇന്ത്യക്ക് ദയനീയ പരാജയം

December 19, 2020

ഇന്ത്യയ്ക്കെതിരെ മികച്ച വിജയവുമായി ഓസ്ട്രേലിയ. 90 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ 21 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കി. ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ടീം 36 റണ്‍സിന് ഓള്‍ഔട്ട് ആയി.

സിക്സടിച്ച് വിജയ റൺ കുറിച്ച ഓപ്പണർ ജോ ബേൺസ് 51 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ മാത്യു വെയ്ഡ് – ബേൺസ് സഖ്യം 70 റൺസ് ചേർത്തപ്പോൾത്തന്നെ ഇന്ത്യയുടെ നില പരുങ്ങലിലായിരുന്നു. ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലുമെത്തി.

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നാണ് താരമായത്. പകൽ–രാത്രി ടെസ്റ്റിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ആദ്യമായി ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീമെന്ന പെരുമയോടെ അ‌ഡ്‌ലെയ്ഡിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രമെഴുതിയ ഇന്ത്യയ്‌ക്ക് മണിക്കൂറുകൾക്കുള്ളിലാണ് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.

ടീമിലെ ഒരാൾക്ക് പോലും റൺസ് രണ്ടക്കത്തിൽ കൂടുതൽ കടത്താൻ സാധിച്ചില്ലെന്നതും ഇന്ത്യക്ക് നാണക്കേട് സൃഷ്ടിച്ചു. 40 പന്തിൽനിന്ന് ഒരേയൊരു ഫോർ സഹിതം ഒൻ‌പത് റൺസെടുത്ത ഓപ്പണർ മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ എന്നത് ദയനീയമാണ്.

9/1 എന്ന നിലയില്‍ രണ്ടാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് സ്കോര്‍ 15ല്‍ നില്‍ക്കവെ 4 വിക്കറ്റാണ് നഷ്ടമായത്. ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് വെറും 36 റണ്‍സില്‍ അവസാനിച്ചു. പതിനൊന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഷമി പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു.

ഹനുമ വിഹാരി എട്ട് റണ്‍സിന് പുറത്തായി. ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും രവിചന്ദ്രന്‍ അശ്വിനും അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ സാഹ, വിരാട് കോഹ്‍ലി, പൃഥ്വി ഷാ എന്നിവര്‍ നാല് റണ്‍സ് നേടി. ഉമേഷ് യാദവ് പുറത്താകാതെ 4 റണ്‍സ് നേടി ക്രീസില്‍ നിന്നു.

Story highlights- Australia v/s india first test