വർഷങ്ങൾക്ക് മുൻപുള്ള ഒരു ഓഡിഷൻ ചിത്രം പങ്കുവെച്ച് കാളിദാസ്- കമന്റുമായി ആദ്യചിത്രത്തിലെ നായിക

December 18, 2020

മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ താരം ഇന്ന് മലയാളത്തിലും തമിഴിലും നായകവേഷങ്ങളിലൂടെ കയ്യടി നേടുകയാണ്. തമിഴിലായിരുന്നു നായകനായി അരങ്ങേറ്റം കുറിച്ചതെങ്കിലും ചിത്രം റിലീസ് ചെയ്യാതെ പോയിരുന്നു. എന്നാൽ ആറു വർഷങ്ങൾക്ക് ശേഷം ഒരു പക്കാ കഥൈ എന്ന ചിത്രം ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഓഡിഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് കാളിദാസ് ജയറാം.

ഒരു പക്കാ കഥൈ എന്ന ചിത്രത്തിലെ നായികയായ മേഘ ആകാശിനൊപ്പമുള്ള ചിത്രമാണ് കാളിദാസ് പങ്കുവെച്ചത്. ‘വർഷങ്ങൾക്കുമുമ്പ് ഒരു പക്കാ കഥൈ ചിത്രത്തിനായുള്ള ഓഡിഷൻ ചിത്രം. ഒടുവിൽ, ഡിസംബർ 25 ന് റിലീസ് ചെയ്യുന്നു’ എന്നാണ് ചിത്രത്തിനൊപ്പം കാളിദാസ് കുറിക്കുന്നത്. ‘ആഹാ..ആ ദിവസം.’ എന്ന കമന്റുമായി മേഘ ആകാശുമെത്തി.

 ബാലാജി തരണീധരൻ സംവിധാനം ചെയ്‌ത ചിത്രം ആറുവർഷത്തോളമായി ചിത്രീകരണം കഴിഞ്ഞിട്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെയാണ് ഓടിടി റിലീസിന് ഒരുങ്ങുന്ന വാർത്ത പങ്കുവെച്ചത്. മേഘ ആകാശിന്റെയും ആദ്യ ചിത്രമായിരുന്നു ‘ഒരു പക്കാ കഥൈ’. സ്കൂൾ പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും മെഡിക്കൽ സങ്കീർണ്ണതയുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 96ലൂടെ പ്രസിദ്ധനായ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ‘ഒരു പക്കാ കഥൈ’.

Read More: കാഴ്ചശക്തി നഷ്ടപ്പെട്ട അച്ഛനും അമ്മയും വഴിയോര കാഴ്ചകൾ കണ്ടു രസിക്കട്ടെയെന്നുകരുതി അവരെ തെരുവിൽ ഉപേക്ഷിച്ച മക്കൾ; കുറിപ്പ്

2014ൽ ചിത്രീകരണം പൂർത്തിയായ ചിത്രം നിരവധി പ്രതിസന്ധികൾ കാരണമാണ് റിലീസ് വൈകിയത്. തുടക്കത്തിൽ നിർമാണ പ്രശ്നങ്ങളായിരുന്നു പ്രതിസന്ധിയെങ്കിൽ പിന്നീടത് സെൻസർ ബോർഡിലെ പ്രശ്നങ്ങളിൽ കുടുങ്ങി. ചിത്രത്തിന് യു / എ സർട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും ഇത് യു-സർട്ടിഫിക്കറ്റ് അർഹിക്കുന്ന ചിത്രമാണെന്ന് നിർമ്മാതാക്കൾക്ക് തോന്നിയതിനാൽ, അവർ റിവൈസിംഗ് കമ്മിറ്റിയിൽ പോയി യു സർട്ടിഫിക്കറ്റ് നേടുകയായിരുന്നു. ബാലാജി തരണീധരൻ പിന്നീട് സീതാകാത്തി എന്ന ചിത്രത്തിലേക്ക് ചേക്കേറിയതോടെ റിലീസ് നീളുകയായിരുന്നു.

Story highlights- kalidas jayaram about first movie